മലയോരത്തെ റബർ കർഷകർക്ക് കണ്ണീരോണം
1452607
Thursday, September 12, 2024 1:41 AM IST
കേളകം: 2022 ജൂൺ മുതലുള്ള റബർ വില സ്ഥിരത ഫണ്ട് കുടിശികയായതോടെ മലയോരത്തെ റബർ കർഷകർക്ക് ഇക്കുറിയും കണ്ണീരോണം. റബറിന് വില കുറച്ച് മെച്ചപ്പെട്ടെങ്കിലും കനത്ത മഴയും, ഇല പൊഴിച്ചിലും മൂലം ഉത്പാദനം ഗണ്യമായി കുറഞ്ഞതാണ് കർഷകർക്ക് തിരിച്ചടിയായത്. 2022 ജൂൺ വരെയുള്ള കുടിശിക മാത്രമാണ് ലഭിച്ചത്. രണ്ടുവർഷത്തെ കുടിശിക നിലവിൽ ലഭിക്കാനുണ്ട്. റബർ വില സ്ഥിരതാ ഫണ്ട് നല്കാനായി സർക്കാർ ബജറ്റിൽ തുക നീക്കിവച്ചിരുന്നെങ്കിലും വക മാറ്റി എന്നാണ് ആരോപണം.
അതിവർഷം മൂലം ഇല പൂർണമായി പൊഴിഞ്ഞതും ഉത്പാദനം ഗണ്യമായി കുറയാൻ ഇടയായി. ഇതോടെ ഉയർന്ന വിലയുടെ ആനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ല. റബർ കർഷകരേ സഹായി ക്കുന്നതിനായി കൊണ്ടുവന്ന റബർ വില സ്ഥിരത പദ്ധതി പ്രകാരം അർഹരായ ആനുകൂല്യങ്ങൾ ലഭിക്കാതെ കടക്കെണിയിലായ കർഷകർ നിത്യ ചെലവിനായി നെട്ടോട്ടത്തിലാണ്.
സംസ്ഥാന സർക്കാർ റബർ ബോർഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. റബർ സബ്സിഡി ഉയർത്തണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് നല്കിക്കൊണ്ടിരുന്ന സബ്സിഡി വിതരണം അനിശ്ചിതമായി നീളുന്നത്. 2015 ജൂലൈയിലാണ് യുഡിഎഫ് സർക്കാർ വിലസ്ഥിരത ഫണ്ട് എന്ന പേരിൽ സബ്സിഡി തുടങ്ങിയത്.
‘കടമെടുത്ത് സർക്കാർ ജീവനക്കാർക്കും മറ്റും ഓണം ആഘോഷിക്കാൻ ഉത്സവബത്തയും ബോണസും നല്കുന്ന സർക്കാർ, തങ്ങൾക്ക് അനുവദിക്കപ്പെട്ട റബർ സബ്സിഡി പോലും തടഞ്ഞുവച്ച് കർഷകരെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ബാങ്കിൽ നിന്നും ലോണെടുത്ത് തുകയുടെ പലിശ പോലും അടയ്ക്കാൻ കഴിയാത്ത സ്ഥിതിയിലാണുള്ളത്. വന്യമൃഗ ശല്യം മൂലം മറ്റ് കാർഷിക വിളകൾ ഒന്നും കൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതിയിൽ റബർ മാത്രമാണ് ഏകആശ്രയം. ഇതിനായി നൽകാനുള്ള തുകയാണ് സർക്കാർ ഇപ്പോൾ തരാതെ തടഞ്ഞു വച്ചിരിക്കുന്നത്. മറ്റു സർക്കാർ ജീവനക്കാരെ പോലെ തന്നെ ഞങ്ങളും മനുഷ്യരാണെന്ന് സർക്കാർ കരുതണം.’
ടോമി ചാത്തൻപാറ
(റബർ കർഷകൻ)