യാത്രാ സൗകര്യം: അവഗണനയ്ക്കെതിരേ എടപ്പുഴ-വാളത്തോട്ടുകാർ പ്രക്ഷോഭത്തിന്
1452604
Thursday, September 12, 2024 1:41 AM IST
ഇരിട്ടി: മലയോര കുടിയേറ്റ മേഖലയായ എടപ്പുഴ-വാളത്തോട് പ്രദേശവാസികൾ മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് പ്രക്ഷോഭത്തിനൊരുങ്ങുന്നു. 1996 ൽ ടാറിംഗ് നടത്തി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത കരിക്കോട്ടക്കരി വാളത്തോട് റോഡ് വീതികൂട്ടി നവീകരിക്കാതെ പ്രദേശവാസികളെ അവഗണിക്കുന്നതിനെതിരെയാണ് ജനം പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്.
എടപ്പുഴ സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. പോൾ ചക്കാനിക്കുന്നേൽ, വാളത്തോട് മലങ്കര സെന്റ്. മേരീസ് പള്ളി വികാരി ഫാ. കുര്യാക്കോസ് മുകുളത്ത്കിഴക്കേൽ , പാറക്കയ്ക്കപ്പാറ സെന്റ് ജോസഫ് പള്ളി വികാരി ഫാ. മനോജ് മലാക്യാത്ത് എന്നിവർ രക്ഷാധികാരികളായി ഒരുമാസം മുന്പ് കർമ്മസമിതി രൂപീകരിച്ചിരുന്നു. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ കർമസമിതി നേതൃത്വത്തിൽ ജനകീയ ഒപ്പുശേഖരണം നടത്തി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും എംഎൽഎക്കും നിവേദനമായി നൽകും. നിവേദനത്തിൽ ഇതുവരെയായി 2000 പേർ ഒപ്പിട്ടിട്ടുണ്ട്.
റോഡ് വീതി കൂട്ടി
നവീകരിക്കണം
ആയിരകണക്കിന് കുടുംബങ്ങൾ ദിനം പ്രതി യാത്ര ചെയ്യുന്ന വീതി കുറഞ്ഞ റോഡ് 30 വർഷം മുന്പുള്ള അതേ നിലയിലാണ്. ഒരു വാഹനം മാത്രം കടന്നുപോകാൻ കഴിയുന്ന റോഡ് വീതികൂട്ടി നവീകരിക്കണമെന്നത് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. നിരവധി പരാതികൾ നൽകിയെങ്കിലും ഒന്നും ഫലം കാണാതെ വന്നതോടെയാണ് സമരപരിപാടികൾ ഉൾപ്പെടെയുള്ള മാർഗത്തിലേക്ക് തിരിയുന്നത് . നിരവധി കുടിയേറ്റ കുടുംബങ്ങൾ പ്രദേശത്ത് അഞ്ചോളം ആരാധനലയങ്ങൾ , നാല് ആദിവാസി സങ്കേതങ്ങൾ , സഞ്ചാരികൾ എത്തുന്ന സൂചി മുഖി വെള്ളചാട്ടം എൽപി സ്കൂൾ , അങ്കണവാടി തുടങ്ങിയവയുമുണ്ട്.
എടപ്പുഴ-വാളത്തോട് മേഖലയിലേക്ക് 30 ഓളം സർവീസ് നടത്തിയിരുന്ന ബസുകൾ റോഡിന്റെ ശോച്യാവസ്ഥ കാരണം പകുതിയിൽ അധികം സർവീസ് നിർത്തി. റോഡ് നവീകരണം നടത്തിയില്ലെങ്കിൽ നിലവിൽ സർവീസ് നടത്തുന്ന ബസുകളും ഓട്ടം നിർത്തുന്ന കാലം വിദൂരമല്ലെന്ന് ആശങ്കയുണ്ടെന്ന് സമിതി അംഗങ്ങൾ പറഞ്ഞു.