തലശേരിയിൽ മിന്നൽ ചുഴലി; ഗവ. ആശുപത്രിയിൽ വ്യാപക നാശം
1452322
Wednesday, September 11, 2024 1:45 AM IST
തലശേരി: തലശേരി നഗരത്തിലും പരിസരത്തും ഇന്നലെ വീശിയടിച്ച മിന്നൽ ചുഴലിയിൽ ഗവ. ജനറൽ ആശുപത്രിയിൽ വ്യാപക നാശനഷ്ടം. ഉച്ച കഴിഞ്ഞ് രണ്ടരയോടെയുണ്ടായ കാറ്റിൽ ആശുപത്രിയിലെ പല കെട്ടിടങ്ങൾക്കു മുകളിലുമുള്ള ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉൾപ്പെടെയുള്ളവ പാറി വീണു. ആർക്കും പരിക്കില്ല.
കുട്ടികളുടെ വാർഡ്, ഓപ്പറേഷൻ തീയറ്റർ സമുച്ഛയം, ബ്ലഡ് ബാങ്ക് എന്നീ കെട്ടിടങ്ങളിലെ മേൽക്കൂരയിലെ ഷീറ്റുകളാണ് കാറ്റിൽ പാറി വീണത്. വലിയ ശബ്ദം കേട്ടതോടെ കെട്ടിടങ്ങൾക്കു സമീപമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാലാണ് ദുരന്തം ഒഴിവായത്. അത്യാഹിത വിഭാഗത്തിനു സമീപത്തെ ബോട്ടിൽ ബൂത്തും കാറ്റിൽ പറന്നു നീങ്ങി. ആശുപത്രിക്കു സമീപത്തെ ജവഹർഘട്ടിലെ മരങ്ങളുടെ കൊന്പുകൾ പൊട്ടി മോർച്ചറിക്കു സമീപത്തെ കെട്ടിടത്തിന് മുകളിലേക്ക് വീണു. മുനിസിപ്പൽ ചെയർപേഴ്സൺ കെ.എം. ജമുനാറാണി ,നഗരസഭാ അധികൃതർ ഉൾപ്പെടെയുള്ളവർ ആശുപത്രി സന്ദർശിച്ചു.സ്ഥലം എംഎൽഎ കൂടിയായ സ്പീക്കർ എ.എൻ. ഷംസീറുമായി കൂടിയാലോചന നടത്തി അടിയന്തര നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ കെ.എം. ജമുനാ റാണി പറഞ്ഞു.