സി.ടി. സജിത്തിനെ ഡിസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി
1452334
Wednesday, September 11, 2024 1:45 AM IST
തലശേരി: തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി വിവാദത്തിൽ ഡിസിസി സെക്രട്ടറിയും ആശുപത്രി പ്രസിഡന്റുമായിരുന്ന കെ.പി. സാജുവിനെതിരെ സഹകരണ രജിസ്ട്രാർക്ക് പരാതി നൽകിയ ഡിസിസി സെക്രട്ടറി സി.ടി. സജിത്തിനെ ഡിസിസി സെക്രട്ടറി ഉൾപ്പെടെ പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും ഒഴിവാക്കി. സി.ടി. സജിത്ത് ആശുപത്രിക്കെതിരെ നിരന്തരം പ്രവർത്തിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു.
നടപടിയൊഴിവാക്കാൻ ചില കേന്ദ്രങ്ങൾ പരിശ്രമം നടത്തി വരികയായിരുന്നു. അതിനിടെ നടപടി വൈകുന്നതിൽ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധം ശക്തിപ്പെടുത്തിയതോടെയാണ് ഇന്നലെ വൈകുന്നേരം സജിത്തിനെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നു മാറ്റി നിർത്തിക്കൊണ്ട് ഡിസിസി നടപടി പ്രഖ്യാപിച്ചത്.
ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിക്കെതിരെയുള്ള നീക്കങ്ങൾ ചൂണ്ടിക്കാണിച്ച് തലശേരിയിലെ കോൺഗ്രസ് ഘടകങ്ങൾ ദീർഘകാലമായി നടപടി ആവശ്യപ്പെട്ടുവരികയായിരുന്നു. സുധാകര പക്ഷക്കാരനെന്ന ബലത്തിലായിരുന്നു ഇത്രയും കാലം പിടിച്ചുനിന്നത്. ഏറ്റവും ഒടുവിൽ സുധാകരനും കൈയൊഴിഞ്ഞിരുന്നു. അടുത്തിടയെയായിരുന്നു കെ.പി. സാജുവിവനെതിരെ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകിയത്. സജിത്തിന്റെ നേതൃത്വത്തിൽ നാല് ഡയറക്ടർമാർ ചേർന്നായിരുന്നു പരാതി നൽകിയത്.
സർദാർ ചന്ദ്രോത്ത് ട്രസ്റ്റിന്റെ പേരിൽ അഴിമതിയാരോപണങ്ങൾ നേരിടുന്ന സജിത്ത് ആശുപത്രി പ്രസിഡന്റ് പദവിയിലെത്താനാണ് വിമത നീക്കം നടത്തിയെന്നും കോൺഗ്രസ് നേതാക്കൾ തന്നെ ആരോപിച്ചിരുന്നു. ആശുപത്രിക്കെതിരേ ഹൈക്കോടതിയെ സമീപിച്ച സിപിഎം പ്രവർത്തകന് പിന്തുണ നൽകിയതും ഇദ്ദേഹമാണെന്ന് ആരോപണമുണ്ട്.