അന്തർസംസ്ഥാന പാതയിൽ വെള്ളക്കെട്ട്
1452323
Wednesday, September 11, 2024 1:45 AM IST
ഇരിട്ടി: ഓവുചാൽ മണ്ണും ചെളിയും നിറഞ്ഞ് അടഞ്ഞതു കാരണം തലശേരി-മൈസൂരു അന്തർ സംസ്ഥാന പാതയിൽ വെള്ളക്കെട്ട്. മാടത്തിൽ പള്ളിക്ക് സമീപമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. മഴക്കാല പൂർവ ശുചീകരണത്തിലെ പാളിച്ചയാണ് വെള്ളക്കെട്ടിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാതയാണ്. വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ കടന്നു പോകുന്പോൾ കാൽനടയാത്രക്കാർ ചെളിവെള്ളത്തിൽ കുളിക്കുന്ന അവസ്ഥയാണ്.
ജൽ ജീവൻ മിഷന്റെ പൈപ്പുകൾ സ്ഥാപിച്ചപ്പോൾ പലയിടത്തും മണ്ണുവീണ് ഓവുചാലുകൾ അടഞ്ഞിരുന്നു. ഇത് നീക്കം ചെയ്യാൻ വാട്ടർ അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും തയാറാകാത്തതാണ് ഇപ്പോഴത്തെ വെള്ളക്കെട്ടിന് ഇടയാക്കുന്നത്. മഴവെള്ളം പള്ളിക്ക് സമീപത്തെ കലുങ്കിന് സമീപം കെട്ടിക്കിടക്കുന്നത് അപകട ഭീഷണിയും ഉയർത്തുന്നുണ്ട്. കലുങ്കിന് സമീപം തന്നെ വാട്ടർ അഥോറിറ്റി പൈപ്പിട്ട ഭാഗത്ത് വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്.