വീണ്ടും പുലി; ഇരിയണ്ണിയിൽ കാമറയും കൂടും സ്ഥാപിക്കുമെന്ന് വനംവകുപ്പ്
1451814
Monday, September 9, 2024 1:10 AM IST
ഇരിയണ്ണി: ഒരാഴ്ചയ്ക്കിടെ രണ്ടാമതും പുലി പ്രത്യക്ഷപ്പെട്ടതോടെ മുളിയാർ പഞ്ചായത്തിലെ ഇരിയണ്ണി, പായം മേഖലയിൽ കാമറയും കൂടും സ്ഥാപിക്കാനൊരുങ്ങി വനംവകുപ്പ്.
ആറ് കാമറകൾക്ക് ഓർഡർ നല്കിയിട്ടുണ്ടെന്നും ഇവ രണ്ടു ദിവസത്തിനുള്ളിൽ സ്ഥാപിക്കുമെന്നും റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സി.വി. വിനോദ് കുമാർ അറിയിച്ചു. കൂടിന്റെ പണി കണ്ണൂരിൽ പുരോഗമിക്കുകയാണെന്നും നിർമാണം പൂർത്തിയായാലുടൻ ഇവിടെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പത്തോടെ ഇരിയണ്ണിക്ക് സമീപം കുണിയേരിയിലെ പി. ഗോപാലകൃഷ്ണന്റെ വീടിന് സമീപത്താണ് വീണ്ടും പുലിയെ കണ്ടത്.
വീടിന് സമീപം ശബ്ദംകേട്ട് പുറത്തിറങ്ങിയ ഗോപാലകൃഷ്ണനും മകൻ അജയനും വീടിന് 20 മീറ്റർ മാത്രം അകലെ നായയെ കടിച്ചുവലിച്ച് കൊണ്ടുപോവുകയായിരുന്ന പുലിയെ നേരിൽ കണ്ടിരുന്നു. ഇരുവരും പെട്ടെന്നുതന്നെ വീടിനകത്തേക്കു കയറി വാതിലടയ്ക്കുകയായിരുന്നു. പുലിയുടേയും നായയുടേയും ശബ്ദം
അകന്നുപോകുന്നതും ഇരുവരും കേട്ടിരുന്നു. ഒരാഴ്ച മുമ്പ് ഇരിയണ്ണി പായത്ത് രാത്രി ഒമ്പതോടെ അയൽവീട്ടിൽ പോയി മടങ്ങുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥി തലനാരിഴ വ്യത്യാസത്തിനാണ് പുലിയുടെ മുന്നിൽനിന്ന് രക്ഷപ്പെട്ടത്. കുട്ടിയോടൊപ്പമുണ്ടായിരുന്ന വളർത്തുനായയുടെ മേൽ പുലി ചാടിവീഴുകയും ചെയ്തിരുന്നു. പുലിയുടെ ആക്രമണങ്ങൾ ആവർത്തിക്കുമ്പോഴും കാര്യമായൊന്നും ചെയ്യാത്ത വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ നാട്ടുകാർ പ്രതിഷേധത്തിനൊരുങ്ങുന്നതിനിടയിലാണ് കാമറയും കൂടും സ്ഥാപിക്കുമെന്ന പ്രഖ്യാപനം.