കുരങ്ങുകളുടെ ജഡം കണ്ടെത്തിയ സ്ഥലത്ത് മലേറിയ കൊതുകുകളുടെ സാന്നിധ്യം
1452333
Wednesday, September 11, 2024 1:45 AM IST
കണ്ണൂർ: മങ്കി മലേറിയ മൂലം നാലു കുരങ്ങന്മാർ ചത്ത ആറളം വന്യജീവി സങ്കേതത്തിന് സമീപമുള്ള പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മലേറിയ പരിശോധന ഊർജിതമായി തുടരുന്നു. കുരങ്ങന്മാർ ചത്ത നിലയിൽ കണ്ടെത്തിയ സ്ഥലത്തുനിന്ന് മലേറിയ പരത്തുന്ന കൊതുകുകളുടെ കൂത്താടികളെ ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ടീം കണ്ടെത്തി. അതേസമയം, മലേറിയക്ക് കാരണമായ പ്ലാസ്മോഡിയം സൂക്ഷ്മാണുവിനെ ലഭിച്ചില്ല. പരിശോധന ഇനിയും തുടരും.
കീഴ്പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം, ആറളം കുടുംബരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ പനി റിപ്പോർട്ട് ചെയ്ത പ്രദേശത്തെ രണ്ടു പേരുടെയും വന്യജീവി സാങ്കേതത്തിലെ 11 ജീവനക്കാരുടേയും മലേറിയ പരിശോധന ഫലം നെഗറ്റീവാണ്. ആറളം ഫോറസ്റ്റ് സ്റ്റേഷനടുത്തുള്ള ആറളം ഫാമിന്റെ ബ്ലോക്ക് ഒന്‍പതിൽ വളയംചാൽ അങ്കണവാടിയിൽ നടത്തിയ മലേറിയ പരിശോധനാ ക്യാമ്പിൽ പങ്കെടുത്ത എല്ലാവരുടെയും പരിശോധനാഫലവും നെഗറ്റീവ് ആണ്.
ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. കെ.കെ. ഷിനിയുടെ നേതൃത്വത്തി ലുള്ള പരിശോധനാ ടീമിൽ സി.പി. രമേശൻ, ബയോളജിസ്റ്റ്, അസിസ്റ്റന്റ് എൻഡമോളജിസ്റ്റ് സതീഷ്കുമാർ, ഇൻസെക്ട് കളക്ടർ യു. പ്രദോഷൻ, ശ്രീബ, ഫീൽഡ് വർക്കർ പ്രജീഷ്, കീഴ്പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സുന്ദരം, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി. കണ്ണൻ, ഷാഫി കെ. അലി എന്നിവരാണുണ്ടായിരുന്നത്.