ഓൺലൈൻ ജോലി വാഗ്ദാനം; യുവതികൾക്ക് 18. 86 ലക്ഷം നഷ്ടപ്പെട്ടു
1451735
Sunday, September 8, 2024 7:33 AM IST
പയ്യന്നൂര്‍: രണ്ടു സംഭവങ്ങളിലായി ഓൺലൈൻ തട്ടിപ്പിൽ യുവതികൾക്ക് നഷ്ടമായത് 18.86 ലക്ഷം രൂപ. ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്തും ടാസ്ക് പൂര്‍ത്തീകരിച്ചാല്‍ ലാഭം ലഭിക്കുമെന്നുമുള്ള പ്രലോഭനത്തിൽ പയ്യന്നൂര്‍ കൊറ്റിയിലെ മുപ്പതുകാരിക്ക് 9.28 ലക്ഷത്തോളം രൂപയും ടാസ്കുകൾ ചെയ്താൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് പറഞ്ഞ് കൂത്തുപറമ്പ് സ്വദേശിനിയായ 32 കാരിയുടെ 9.58 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്.
പയ്യന്നൂർ സ്വദേശിനിയുടെ പരാതിയിൽ മുംബൈയിലെ കോയിന് ഡിസിഎക്സ് എന്ന ഓണ്‍ലൈന്‍ കമ്പനിയുടമയ്ക്കെതിരേ പോലീസ് കേസെടുത്തു.കഴിഞ്ഞമാസം 13 മുതല്‍ ഇക്കഴിഞ്ഞ ഒന്നുവരെയുള്ള ദിവസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം. സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജോലി നല്‍കാമെന്നും കമ്പനി അയക്കുന്ന ടാസ്കുകള് പൂര്‍ത്തീകരിച്ചാല്‍ കൂടുതല്‍ ലാഭം കിട്ടുമെന്നും വിശ്വസിപ്പിക്കുകയായിരുന്നു. ഓരോ ടാസ്ക്കും ലഭിക്കുന്നതിനനുസരിച്ച് വിവിധ അക്കൗണ്ടുകളില്‍നിന്നായി 9,28,440 രൂപ ഓണ്‍ലൈന്‍ കമ്പനി നല്കിയ അക്കൗണ്ടുകളിലേക്കെത്തിയിരുന്നു.
കമ്പനി വാഗ്ദാനം ചെയ്ത ജോലിയും വാഗ്ദാനം ചെയ്ത ലാഭവും ലഭിക്കാതെ വന്നപ്പോഴാണ് യുവതി പോലീസിൽ പരാതി നൽകിയത്. കൂത്തുപറന്പ് സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ സൈബർ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 26 മുതൽ ഇക്കഴിഞ്ഞ മൂന്നു വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ടെലിഗ്രാം വഴി ഒരു സന്ദേശം വരികയും യുവതി അതിന് മറുപടി നൽകുകയും ചെയ്തു.
ടാസ്കുകൾ ചെയ്താൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു സന്ദേശം. ആദ്യം മൂന്ന് ടാസ്കുകൾ നൽകുകയും അത് പൂർത്തികരിച്ചപ്പോൾ ലാഭവിഹിതം നൽകി യുവതിയുടെവിശ്വാസം പിടിച്ചുപറ്റിയായിരുന്നു തട്ടിപ്പ്. മുന്നോട്ട് ടാസ്കുകൾ ചെയ്യാൻ പണം നൽകണമെന്ന് പറഞ്ഞതോടെ ഉയർന്ന ലാഭവിഹിതം മോഹിച്ച് യുവതി പണം നൽകി. 9,58,000 രൂപ കൈപറ്റിയ ശേഷം ലാഭവിഹിതമൊന്നും ലഭിക്കാതെ വന്നതോടെയാണ് യുവതി തട്ടിപ്പിനിരയായെന്ന് മനസിലാക്കിയത്.