കർശന പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
1452605
Thursday, September 12, 2024 1:41 AM IST
കണ്ണൂർ: ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ജില്ലയിൽ ആരോഗ്യ വിഭാഗത്തിന്റെ വ്യാപക പരിശോധന. ഇന്നലെ കണ്ണൂർ നഗരത്തിലുൾപ്പെടെ പരിശോധന നടത്തി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ജില്ലയിൽ180 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ജില്ലയിൽ ആകെ 24 സ്ഥാപനങ്ങൾക്ക് കോംന്പൗണ്ടിംഗ് നോട്ടീസ് നൽകി .ആദ്യ ദിവസം തലശേരി,തളിപ്പറമ്പ്,പയ്യന്നൂർ എന്നിവിടങ്ങളിൽ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.തലശേരിയിൽ 24 സ്ഥാപനങ്ങിലും ,തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിൽ 16 ഇടങ്ങളിലും പരിശോധന നടത്തി. പേരാവൂർ, കല്യാശേരി, എന്നിവിടങ്ങളിലും പരിശോധന നടന്നു. പേരാവൂരിൽ 24 സ്ഥസങ്ങളിലും കല്യാശേരിയിൽ 25 കേന്ദ്രങ്ങളിലും കണ്ണൂരിൽ 20 ഇടങ്ങളിലും പരിശോധന നടത്തി. പരിശോധന 13 വരെ തുടരും.
ഇന്നലെ അഴീക്കോട് ,ധർമ്മശാല ,കൂത്തുറമ്പ് എന്നിവിടങ്ങളിലും പരിശോധന നടന്നു.അഴീക്കോട്- 20,ധർമ്മശാല -21 ,കൂത്തുപറമ്പ്- 24 സ്ഥപനങ്ങളിലുമാണ് പരിശോധന നടന്നത്. ആകെ 14 സ്ഥാപനങ്ങൾക്ക് ജില്ലയിൽ ഇതുവരെ റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. ഭക്ഷ്യ സുരക്ഷാ വകുപ്പി നിർദേശിച്ച മാർഗനിർദേശങ്ങളിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. പാചകം ചെയ്യുന്നിടത്ത് ശുചിത്വമില്ലാത്തത്, പഴകിയ ഭക്ഷണം വിതരണം ചെയ്യൽ, കാലാവധി കഴിഞ്ഞ പായ്ക്ക്റ്റ് ഭക്ഷ്യവസ്തുക്കൾ വില്പന നടത്തിയവർക്കെതിരെ നടപടി സ്വീകരിച്ചു. ഇത്തരം സ്ഥാപനങ്ങൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും. നിയമലംഘനം ആവർത്തിച്ചാൽ കർശന നടപടികൾ സ്വീകരിക്കും.
ഫുഡ് സേഫ്റ്റി ആക്ട് പ്രകാരം എല്ലാ ഭക്ഷ്യ സ്ഥാപനങ്ങൾക്കും രജിസ്ട്രേഷനോ ലൈസൻസോ ഉണ്ടെന്ന് ഉറപ്പാക്കൽ, ജീവനക്കാർക്ക് ഹൈൽത്ത് കാർഡ്, പരിശീലനം ഉറപ്പാക്കുക, ഹൈജീൻ റേറ്റിംഗ്, മൈബൈൽ ആപ്പ്, ശക്തമായ അവബോധം എന്നിവയിലൂടെ സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. ഫുഡ് സേഫ്റ്റ്റി ആക്ട് പ്രകാരം മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. ഭക്ഷണത്തിൽ മായം ചേർക്കുക എന്നത് ക്രിമിനൽ കുറ്റമാണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പുദ്യോഗസ്ഥർ പറഞ്ഞു. ഏതെങ്കിലും കാരണത്താൽ ഒരു തവണ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടാൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നേരിട്ട് പരിശോധന നടത്തിയ ശേഷം തൃപ്തികരമാണെങ്കിൽ മാത്രമേ ലൈസൻസ് പുതുക്കി നൽകുകയുള്ളൂ.
തിരക്ക് കൂടി
നഗരത്തിൽ ഓണത്തോടനുബന്ധിച്ച് വിവിധ മേളകൾ തുടങ്ങിയതോടെ തിരക്കും വർധിച്ചിരിക്കുകയാണ്. മേളകളോട് അനുബന്ധിച്ച് ആരംഭിച്ച വിവിധ താത്ക്കാലിക ഭക്ഷ്യ ഷോപ്പുകളിലും മറ്റും ആളുകളുടെ തിക്കും തിരക്കുമാണ്.
നഗരത്തിലെ ഹോട്ടലുകളിലും മറ്റ് ഭക്ഷ്യ ശാലകളിലും സ്ഥിതി വ്യത്യസ്തമല്ല.എന്നാൽ ഇവിടങ്ങളിലെല്ലാം എത്ര മാത്രം ശുചിത്വം പാലിക്കുന്നുവെന്നത് സംശമാണ്.
തെരുവോരങ്ങളിലും മറ്റും ആഹാര സാധനങ്ങളും മറ്റും മൂടി വയ്ക്കാത്ത സ്ഥിതിയുമുണ്ട്.വൃത്തി ഹീനമായ സാഹചര്യത്തിൽ നഗരത്തിൽ പലയിടങ്ങളിലും ഭക്ഷണം പാക ചെയ്യുന്നതും പതിവ് കാഴ്ചയാണ്.
കണ്ണൂർ മാർക്കറ്റിൽ എഡിഎമ്മിന്റെ
നേതൃത്വത്തിൽ മിന്നൽ പരിശോധന
കണ്ണൂർ: ഓണത്തോടനുബന്ധിച്ച് കണ്ണൂർ മാർക്കറ്റിൽ എഡിഎമ്മിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. മാർക്കറ്റിലെയും പരിസരപ്രദേശങ്ങളിലെയും കടകളിൽ അമിതവില ഈടാക്കുന്നുണ്ടോയെന്നും തൂക്കത്തിൽ വ്യത്യാസമുണ്ടോയെന്നുമാണ് പരിശോധന നടത്തിയത്. എഡിഎം സുധീർബാബുവിന്റെ നേതൃത്വത്തിൽ ജില്ലാ സപ്ലൈ ഓഫീസർ ജോർജ് കെ. സാമുവൽ, ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ ടി.കെ.കൃഷ്ണകുമാർ, ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റർ കമ്മീഷണർ മുസ്തഫ, താലൂക്ക് സപ്ലൈ ഓഫീസർ എം.സുനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
വിലനിലവാരവും സാധനങ്ങളുടെ ഗുണനിലവാരവും എല്ലാ കടകളിലും വിലനിലവാര ബോർഡുകൾ തൂക്കിയിട്ടുണ്ടോയെന്നും പരിശോധിച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് പരിശോധന തുടങ്ങിയത്. ജില്ലയിലെ എല്ലാ താലൂക്കുകളിലും താലുക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. എന്നാൽ കാര്യമായ ക്രമക്കേടൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ശനിയാഴ്ചവരെ പരിശോധന തുടരും.