സിവിൽകേസിന്റെ പേരിൽ അപകടകരമായ മരങ്ങൾ മുറിക്കാതിരിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ
1452632
Thursday, September 12, 2024 1:41 AM IST
പാലക്കാട്: സിവിൽകേസ് നിലവിലുണ്ടെന്ന കാരണം പറഞ്ഞ് മനുഷ്യജീവനും സ്വത്തിനും അപകടകരമായി നിൽക്കുന്ന മരങ്ങളോ ശിഖരങ്ങളോ മുറിച്ചുമാറ്റാനാവില്ലെന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട് ശരിയല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മരങ്ങളുടെയോ ശിഖരങ്ങളുടെയോ അപകടാവസ്ഥ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി അവ മുറിച്ചുമാറ്റുന്നതിന് സ്ഥലമുടമയ്ക്ക് നോട്ടീസ് നൽകണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മരങ്ങൾ മുറിക്കാൻ സ്ഥലമുടമ തയാറായില്ലെങ്കിൽ പഞ്ചായത്ത് രാജ് നിയമത്തിൽ നിഷ്കർഷിക്കുന്നതനുസരിച്ച് വകുപ്പുതലത്തിൽ മുറിച്ചുമാറ്റാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ മൂന്നുമാസത്തിനുള്ളിൽ മങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
മാങ്കുറിശി സ്വദേശി എ. നാരായണൻ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന്റെ അയൽക്കാരന്റെ പറന്പിലുള്ള മരങ്ങളുടെ ശിഖരങ്ങൾ ഒഴിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നാണ് പരാതി. പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വാസ്തവമാണെങ്കിലും മരങ്ങൾ നിൽക്കുന്ന സ്ഥലം കേസിൽപെട്ടതാണെന്ന് മങ്കര പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പഞ്ചായത്ത് നടത്തിയ അദാലത്തിൽ പങ്കെടുത്ത വസ്തുഉടമ മരങ്ങൾ മുറിച്ചുമാറ്റാമെന്ന് സമ്മതിച്ചെങ്കിലും ചെയ്തില്ല. തുടർന്ന് നടപടികൾ സ്വീകരിക്കുന്നതിനു പാലക്കാട് ലീഗൽ സർവീസ് അഥോറിറ്റിക്ക് പഞ്ചായത്ത് കത്തു നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.