ഓഫീസർമാരില്ല; ഹയർസെക്കൻഡറി ആർഡിഡി ഓഫീസിൽ ഫയലുകൾ കെട്ടികിടക്കുന്നു
1452600
Thursday, September 12, 2024 1:41 AM IST
സ്വന്തം ലേഖിക
കണ്ണൂർ: ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ കെട്ടിടം.. ഒഴിഞ്ഞുകിടക്കുന്ന കസേരകൾ... എന്തെങ്കിലും ആവശ്യങ്ങൾക്ക് ഹയർ സെക്കൻഡറി കണ്ണൂർ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ എത്തിയാൽ കാണുന്ന കാഴ്ചയാണിത്.
ജീവനക്കാരില്ലാത്തതിനാൽ നൂറുകണക്കിന് ഫയലുകളാണ് ഇവിടെ കെട്ടികിടക്കുന്നത്. ആർഡിഡി ഓഫീസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ ജീവനക്കാരെ അനുവദിക്കണമെന്നും ഓഫീസ് സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും പലരും നിവേദനത്തിലുടെയും അല്ലാതെയും നിരവധി തവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. പല സെക്ഷനുകളും ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.
കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ മേഖലാ ഓഫീസായി പ്രവർത്തിക്കുന്ന ഇവിടെ പതിനഞ്ചിൽ താഴെ മാത്രം ജീവനക്കാരാണുള്ളത്. ഒരുവർഷമായി മൂന്ന് ജീവനക്കാരുടെ കുറവാണിവിടെയുള്ളത്. ഇതോടെ അധ്യാപകരുടെ ഇൻക്രിമെന്റ്, പിഎഫ്, എൻആർഎ ലോണുകൾ, വിരമിച്ച അധ്യാപകരുടെ പെൻഷൻ ഫയലുകൾ, ഗസ്റ്റ് അധ്യാപകരുടെ വേതന ഫയലുകൾ തുടങ്ങിയവയെല്ലാം ഓഫീസിൽ കെട്ടികിടക്കുകയാണ്.
ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി സർവീസ് സംബന്ധമായ പല കാര്യങ്ങളും സെക്ഷനുകളിൽ സംസാരിക്കാൻ പോലും ചില ജീവനക്കാർ കൂട്ടാക്കാറില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. അത്യാവശ്യ കാര്യങ്ങളുമായെത്തുന്ന സീനിയർ പ്രിൻസിപ്പൽമാരെപ്പോലും പരിഗണിക്കാറില്ലെന്നാണ് അധ്യാപകർ പറയുന്നത്. കാസർഗോഡ് നിന്നും കണ്ണൂരിലെ മലയോര മേഖലയിൽ നിന്നൊക്കെയായി കിലോമീറ്ററുകൾ സഞ്ചരിച്ചാണ് പലരും പയ്യാമ്പലത്തുള്ള ആർഡിഡി ഓഫീസിൽ എത്തുന്നത്.
എന്നാൽ, നിസാരകാര്യങ്ങൾക്ക് പോലും പരിഹാരം ലഭിക്കാതെ പ്രിൻസിപ്പൽമാരടക്കം മടങ്ങുന്നത് നിത്യസംഭവമായി മാറി. കൂടാത, ഓഫീസിൽ ആവശ്യാനുസരണം കംപ്യൂട്ടറുകളും അനുബന്ധ സൗകര്യങ്ങളുമില്ല. ജീവനക്കാരുടെ കുറവുകൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപകർ പറഞ്ഞു.
അധ്യാപകർ പ്രതിഷേധ മാർച്ച് നടത്തി
കണ്ണൂർ: ഹയർ സെക്കൻഡറി അധ്യാപകരുടെയും ജീവനക്കാരുടെയും വിവിധ ഫയലുകൾ തീർപ്പാക്കുന്നതിലുള്ള അനാസ്ഥയ്ക്കെതിരേ എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ, കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി കണ്ണൂർ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ-കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. എഎച്ച്എസ്ടിഎ കണ്ണൂർ ജില്ലാ പ്രസിഡന്റ് വി.വി. രതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജിജി തോമസ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി എം.എം. ബെന്നി, ധന്യ പുതുശേരി, ഷിനോജ് സെബാസ്റ്റ്യൻ, എ.കെ.ആനന്ദ് , സി.പ്രവീൺ കുമാർ എന്നിവർ പ്രസംഗിച്ചു.