രണ്ടു കുടുംബങ്ങള്‍ക്കുകൂടി കാരുണ്യഭവനങ്ങള്‍ നിര്‍മിച്ചുനല്‍കി മൂന്നുമുറി ഇടവക
1542579
Monday, April 14, 2025 12:56 AM IST
കോടാലി: മൂന്നുമുറി സെന്റ്് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവകയുടെ നേതൃത്വത്തില്‍ ഒമ്പതുങ്ങലില് പണികഴിപ്പിച്ച രണ്ടു കാരുണ്യ ഭവനങ്ങളുടെ വെഞ്ചരിപ്പു കര്‍മവും താക്കോല്‍ദാനവും ഇടവക വികാരി ഫാ. ജോര്‍ജ് വേഴപ്പറമ്പില്‍ നിര്‍വഹിച്ചു. ദേവാലയം പുതുക്കി നിര്‍മിച്ചപ്പോള്‍ നിര്‍ധന കുടുംബങ്ങള്‍ക്കു കാരുണ്യ ഭവനങ്ങള്‍ പണിതുകൊടുക്കണമെന്ന വലിയ ആശയത്തിന്റെ തുടര്‍ച്ചയായി നിര്‍മിച്ചതാണ് ഒമ്പതുങ്ങലിലെ കാരുണ്യ ഭവനങ്ങള്‍. നേരത്തെ ഈ പദ്ധതി പ്രകാരം ഏതാനും വീടുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു.
അസി. വികാരി ഫാ. ജയ്സണ്‍ ചൊവ്വല്ലൂര്‍, കാരുണ്യഭവനങ്ങള്ക്കായി സ്ഥലം നല്കിയ ഗ്രേസി ജോര്‍ജ് ആലപ്പാടന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സുമേഷ് മൂത്തമ്പാടന്‍, ഷൈനി ബാബു, കാരുണ്യ ഭവന നിര്‍മാണകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജോണ്സണ് മാമ്പ്രക്കാരന്‍, സെക്രട്ടറി ജോണ്സണ് വിതയത്തില്‍, ട്രഷറര്‍ ആന്റോ ആട്ടോക്കാരന്, നൈജോ ആന്റോ എന്നിവര്‍ പ്രസംഗിച്ചു.
കമ്മിറ്റി അംഗങ്ങളായ ബെന്നി വെള്ളച്ചാലില്‍, സേവിയര്‍ കരുമാലിക്കല്‍, ജിമ്മി പൊയ്യക്കാരന്‍, കൈക്കാരന്മാരായ ബിജു തെക്കന്‍, ജോഷി മഞ്ഞളി, ജോണ്‍ ചേനത്തുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.