അറവുമാലിന്യ പ്ലാന്റ്: തളി ഗ്രാമവാസികൾ രാത്രിസമരം നടത്തി
1542570
Monday, April 14, 2025 12:56 AM IST
എരുമപ്പെട്ടി: അതിജീവനത്തിനായി രാത്രിസമരംനടത്തി വരവൂർ തളി ഗ്രാമവാസികൾ.
തങ്ങളുടെ ജീവിതം ദുരിതമാക്കുന്ന അറവുമാലിന്യ പ്ലാന്റിനെതിരേ രാത്രിയിൽ നടത്തിയ പ്രക്ഷോഭത്തിൽ ഗ്രാമം ഒന്നായിഅണിചേർന്നു. സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പടെ ആയിരത്തോളംപേർ പങ്കെടുത്തു. കോഴി അവശിഷ്ടങ്ങൾ ഉൾപ്പടെയുള്ള അറവുമാലിന്യങ്ങൾ സംഭരിച്ച് പൊടിച്ച് പൗഡറാക്കുന്ന വലിയ പ്ലാന്റാണ് തളി നടുവട്ടത്ത് പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ട്രയൽ റൺ നടത്തിയപ്പോൾ പ്ലാന്റിൽനിന്ന് അതിരൂക്ഷമായ ദുർഗന്ധം ഉയർന്നിരുന്നു.
തുടർന്ന് പ്രദേശത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള നാട്ടുകാർ പ്രതിഷേധവുമായി തടിച്ചുകൂടി. ഇതിനിടയിൽ സ്ഥലത്തെത്തിയ എരുമപ്പെട്ടി പോലീസ് ലാത്തിചാർജ് നടത്തുകയും സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധിപേർക്ക് പരിക്കേൽക്കുകയുംചെയ്തു.
കൂടാതെ മുപ്പതോളംപേർക്കെതിരെ പോലീസ് കേസെടുക്കുകയുംചെയ്തു. പ്ലാന്റിലെ ജീവനക്കാരെ കൊണ്ടുപോവുകയായിരുന്ന പോലീസ് വാഹനം തടഞ്ഞുവെന്ന് ആരോപിച്ചാണ് ലാത്തിചാർജ് നടത്തിയത്. എന്നാൽ ഇൻസ്പെക്ടറോട് പരാതിപറയാൻ പോലീസ് വാഹനത്തിനടുത്തുചെന്ന വീട്ടമ്മമാരെ പോലീസ് മുന്നറിയിപ്പില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർപറയുന്നു.
അകാരണമായ പോലീസ് നടപടിക്കെതിരേയും ദുർഗന്ധംവമിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനംതടയണമെന്ന് ആവശ്യപ്പെട്ടുമാണ് ഇന്നലെരാത്രിയിൽ വൻ പ്രതിഷേധംനടന്നത്.
കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ പ്ലാന്റിന് പ്രവർത്തിക്കാൻ ലൈസൻസ് നൽകിയ വരവൂർ പഞ്ചായത്തിനെതിരേയും പ്രതിഷേധമുയർന്നു. സമരത്തെ നേരിടാൻ വൻ പോലീസ് സന്നാഹം ഒരുക്കിയിരുന്നെങ്കിലും സമരം സമാധാനപരമായിരുന്നു. അതേസമയം ശക്തമായ തുടർസമരങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
ആക്ഷൻ കൗൺസിൽ നേതാക്കളായ സി.യു. അബൂബക്കർ, പരീദ്, കെ.എസ് മുഹമ്മദ്, വിപിൻ കൂടിയേടത്ത്, സുഭാഷ്, കെ.എം ഹനീഫ, ഫാസിൽ, അനിത, ഫാത്തിമ്മ, കോച്ചിയമ്മ, അസ്ഹർ എന്നിവർ നേതൃത്വംനൽകി.