ചുഴലിക്കാറ്റും കനത്ത മഴയും: കുന്നംകുളത്ത് വ്യാപക നാശനഷ്ടം
1542572
Monday, April 14, 2025 12:56 AM IST
കുന്നംകുളം: കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഇന്നലെ പുലര്‍ച്ചയോടെ വീശിയടിച്ച ചുഴലിക്കാറ്റും കനത്തമഴയും വ്യാപകമായ നാശനഷ്ടങ്ങളുണ്ടാക്കി.
പെങ്ങാമുക്ക്, കരിച്ചാല്‍, കാഞ്ഞിരത്തിങ്കല്‍, ആനപ്പറമ്പ് കാട്ടകാമ്പാല്‍, പലാട്ടുമുറി, നടുമുറി, ചിറയ്ക്കല്‍, സ്രായിക്കടവ്, ചിറയന്‍കാട്, രാമപുരം എന്നിവിടങ്ങളില്‍ മരംപൊട്ടി വീണ് വീടുകള്‍ക്കും ചിറയ്ക്കല്‍ സെന്ററിലെ ട്രാന്‍സ്ഫോര്‍മറിനും കേടുപാടുകൾ സംഭവിച്ചു. അറുപതില്പരം കെഎസ്ഇബി പോസ്റ്റുകള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. എ.സി. മൊയ്തീന് എംഎല്‍എ, എസ്സി എസ്ടി കമ്മീഷന് അംഗം ടി.കെ. വാസു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ ദുരന്തബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതായി എംഎല്‍എ അറിയിച്ചു. ദുരന്തപ്രതികരണനിധിയില്‍നിന്നു അടിയന്തര സഹായം ദുരന്തബാധിതര്‍ക്ക് അനുവദിക്കണമെന്ന് റവന്യുമന്ത്രിയോടും ജില്ല കളക്ടറോടും എംഎല്‍എ ആവശ്യപ്പെട്ടു. തഹസില്‍ദാരുടെ നേതൃത്വത്തില്‍ നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിക്കുന്നു. കെഎസ്ഇബി ജീവനക്കാര്‍ വൈദ്യുതബന്ധം പുനസ്ഥാപിക്കുന്നതിനുള്ള പരിശ്രമത്തിലാണ്.