വിശ്വാസം വിളിച്ചോതി കനകമല കുരിശുമുടി മഹാതീര്‍ഥാടനം
1542569
Monday, April 14, 2025 12:56 AM IST
കൊടകര: അചഞ്ചലമായ വിശ്വാസം വിളിച്ചോതി കനകമല മഹാതീര്ഥാടനത്തില് പങ്കുചേര്‍ന്ന് അനേകര്‍ കുരിശുമല ചവിട്ടി. 86-ാമത് കനകമല നോമ്പുകാല തീര്‍ഥാടനത്തിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് നടന്ന മഹാതീര്‍ഥാടനം ഇരിങ്ങാലക്കുട രൂപത മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.
വികാരി ജനറാൾ മോണ്‍. വില്‍സണ്‍ ഈരത്തറ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോണ്‍. ജോസ് മാളിയേക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കൊടകര ഫൊറോന വികാരി ഫാ. ജെയ്സണ്‍ കരിപ്പായി, കനകമല തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. മനോജ് മേക്കാടത്ത്, അസിസ്റ്റന്റ് വികാരി ഫാ. റൈസണ്‍ തട്ടില്‍, ജനറല്‍ കണ്‍വീനര്‍ തോമസ് കുറ്റിക്കാടന്‍, കൈക്കാരന് ജോജു ചുള്ളി, പിആര്‍ഒ ഷോജന്‍ ഡി. വിതയത്തില്‍, കേന്ദ്ര സമിതി പ്രസിഡന്റ് ജോയി കുയിലാടന്, സിസ്റ്റര്‍ ലിസ മരിയ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുരിശുമുടിയിലേക്ക് നടന്ന പ്രാര്ഥനയാത്രക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം നല്കി.
നിരവധി വിശ്വാസികള്‍ വിശ്വാസികള്‍ പ്രാര്ഥനയാത്രയില് അണിനിരന്നു. വൈകീട്ട് ഏഴിന് കുരിശുമുടി തീര്‍ഥകേന്ദ്രത്തില്‍ നടന്ന ദിവ്യബലിക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മികനായി.
അടിവാരം പള്ളിയിലെ ദിവ്യബലിക്ക് മോണ്‍. വില്‍സണ്‍ ഈരത്തറ കാര്‍മികത്വം വഹിച്ചു. കൈക്കാരന്മാരായ ജോസ് വെട്ടുമണിക്കല്‍, ജോസ് കറുകുറ്റിക്കാരന്‍, ജോയി കളത്തിങ്കല്‍, കണ്‍വീനര്‍മാര്‍, യൂണിറ്റ് പ്രസിഡന്റുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.