എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
1541922
Saturday, April 12, 2025 1:49 AM IST
കയ്പമംഗലം: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയിൽ മതിലകത്തു മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. പടിയൂർ മുഞ്ഞനാട് സ്വദേശി മലയാമ്പള്ളം വീട്ടിൽ മുഹമ്മദ് ബഷീറി(29)നെയാണ് അറസ്റ്റുചെയ്തത്. ഇയാളുടെ കൈയിൽനിന്ന് 2.58 ഗ്രാം എംഡിഎംഎ പിടികൂടി.
റൂറൽ ജില്ലാ ഡാൻസാഫ് ടീമും മതിലകം പോലീസും ചേർന്നുനടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ബഷീർ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിനെ പോലീസ് പിന്തുടർന്നുതടയുകയും തുടർന്നുനടത്തിയ ദേഹപരിശോധനയിൽ ജീൻസ് പാന്റ്സിന്റെ പോക്കറ്റിൽനിന്നു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിൽ എംഡിഎംഎ കണ്ടെടുക്കുകയുമായിരുന്നു.
മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജി, സബ് ഇൻസ്പെക്ടർ രമ്യ കാർത്തികേയൻ, പ്രൊബേഷൻ സബ് ഇൻസ്പെക്ടർ അനു ജോസ്, എഎസ്ഐ പ്രജീഷ്, സിവിൽ പോലീസ് ഓഫീസർ അജീഷ്, തൃശൂർ റൂറൽ ജില്ലാ ഡാൻസാഫ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ പ്രദീപ്, എഎസ്ഐ ലിജു, സിവിൽ പോലീസ് ഓഫീസർമാരായ ബിജു, നിശാന്ത് എന്നിവർ ചേർന്നാണ് ബഷീറിനെ പിടികൂടിയത്.