ക്ഷേത്ര നടപ്പുരയിൽ വീഡിയോ ചിത്രീകരണം: ജസ്ന സലീമിനെതിരേ കേസ്
1542351
Sunday, April 13, 2025 6:07 AM IST
ഗുരുവായൂർ: ഹൈക്കോടതി ഉത്തരവുലംഘിച്ച് കിഴക്കേനടപ്പുരയിൽനിന്ന് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് കൊയിലാണ്ടി സ്വദേശി ജസ്ന സലീമിനെതിരെ ഗുരുവായൂർ ടെമ്പിൾ പോലീസ് കേസെടുത്തു.
ഗുരുവായൂർ ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ രാധിക ശശികുമാർ നൽകിയ പരാതിയിലാണ് കേസ്. പ്രകോപനം ഉണ്ടാക്കി കലാപം സൃഷ്ടിക്കാനുള്ള ശ്രമം, വീഡിയോ പ്രചരിപ്പിച്ചതിന്, ഹൈക്കോടതി ഉത്തരവ് ലംഘനം, ആചാരലംഘനം എന്നിവയ്ക്കാണ് കേസെടുത്തത്.
കിഴക്കേനടയിലെ ദീപസ്തംഭത്തിന് സമീപത്തെ ഇ ഭണ്ഡാരത്തിലുള്ള കൃഷ്ണവിഗ്രഹത്തിൽ മാലയിടുന്ന വീഡിയോ എടുത്ത് പ്രചരിപ്പിച്ചതായാണ് കേസ്. നേരത്തെ ജസ്ന സലീം അഷ്ടമിരോഹിണി ദിവസം ക്ഷേത്രപരിസരത്ത് കേക്ക് മുറിച്ചതും വിവാദമായിരുന്നു. ഈ സംഭവം ഹൈക്കോടതിയിൽ എത്തിയതിനെത്തുടർന്ന് ക്ഷേത്രനടപ്പന്തലിൽ വിഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തി. ഗുരുവായൂർ എസിപി ടി.എസ്. സിനോജിന്റെ നിർദേശപ്രകാരം ടെമ്പിൾ എസ്ഐ പ്രീത ബാബുവാണ് കേസെടുത്തത്.