പുത്തൻകോവിലകം കടവ് പാലം തകർന്നു
1542573
Monday, April 14, 2025 12:56 AM IST
അന്തിക്കാട്: പുത്തൻകോവിലകം കടവ് റോഡുമായി അന്തിക്കാട് കോൾപാടശേഖരത്തെ ബന്ധിപ്പിക്കുന്ന പ്രധാന പാലം തകർന്നുവീണു. ഇന്നലെ ഉച്ചയോടെയാണ് അപകടം.
ഏറെകാലങ്ങളായി ഈ പാലത്തിന്റെ ഏതാനും സ്ലാബുകളുടെ അടിഭാഗം തകർന്നതുമൂലം മേൽഭാഗം ഇടിഞ്ഞ നിലയിലായിരുന്നു. കഴിഞ്ഞ കോൾപ്പാടശേഖരത്തിലെ വിളവെടുപ്പുമായി ബന്ധപ്പെട്ട നിരവധി വാഹനങ്ങൾ കടന്നുപോയതോടെ പാലം വീണ്ടും രൂക്ഷമായ തകർച്ചാഭീഷണിയിലായിരുന്നു. വാഹനം കടന്നുപോയി നിമിഷങ്ങൾക്കുള്ളിലാണ് പാലം തകർന്നത്. രണ്ട് സ്ലാബ് തകർന്ന് കനാലിലേക്കുവീണ നിലയിലാണ്. ബാക്കിയുള്ള ഒരു സ്ലാബിലൂടെ ഇരുചക്ര വാഹനങ്ങളും മറ്റും കടന്നുപോകുന്നുണ്ട്. ഇത് അപകടത്തിന് കാരണമായേക്കുമെന്ന് ഭീതിയും ഉയർന്നിട്ടുണ്ട്.
പാലം തകർച്ചാഭീഷണി നേരിടുന്ന വിവരം നിരവധിതവണ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും അടിയന്തര ഇടപെടൽ നടത്താൻ കെഎൽഡിസിയോ മറ്റ് അധികൃതരോ തയാറായില്ലെന്ന് കർഷകർ പറയുന്നു.
റീ ബിൽഡ് കേരളയിൽവച്ച് പാലം നിർമിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും കാര്യങ്ങൾക്ക് വേഗതയില്ലെന്ന ആക്ഷേപം വ്യാപകമാണ്.