ട്രാഫിക് പോലീസില്ല; കാഞ്ഞാണിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
1542353
Sunday, April 13, 2025 6:07 AM IST
കാഞ്ഞാണി: തൃശൂർ - വാടാനപ്പള്ളി സംസ്ഥാനപാത കടന്നുപോകുന്ന കാഞ്ഞാണിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ഇവിടെ ട്രാഫിക് നിയന്ത്രിച്ചിരുന്ന ഹോംഗാർഡിനെ മാറ്റിയതാണ് പ്രശ്നം രൂക്ഷമാക്കിയത്. രാവിലെയും വൈകീട്ടും പലപ്പോഴും വാഹനങ്ങളുടെ നീണ്ടനിര കിലോമീറ്ററുകളോളം വരും. ഇതുമൂലം ജോലിക്ക് പോകുന്നവരാണ് കൂടുതൽ ദുരിതംനേരിടുന്നത്. ആംബുലൻസുകളും ഗതാഗതക്കുരുക്കിൽ പെടുന്നതും പതിവാണ്.
ട്രാഫിക് പോലീസില്ലാത്തതിനാൽ ബസ് ജീവനക്കാർ ഗതാഗതനിയന്ത്രണം ഏറ്റെടുക്കുന്ന അവസ്ഥയുമുണ്ട്. അന്തിക്കാട് - പെരിങ്ങോട്ടുകര റോഡും ഏനാമാവ് - ഗുരുവായൂർ റോഡും ഒത്തുചേരുന്നതാണ് കാഞ്ഞാണി സെന്റർ.
കാഞ്ഞാണി ജംഗ്ഷനിൽ ഹോം ഗാർഡിനെയും ആവശ്യമുള്ള പോലീസിനെയും വിന്യസിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മണലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.വി. അരുൺ ആവശ്യപ്പെട്ടു.