ആന്പല്ലൂരിൽ വില്ലൻ സർവീസ് റോഡ്; ഇഴഞ്ഞിഴഞ്ഞ് കലുങ്ക് നിർമാണം
1542568
Monday, April 14, 2025 12:56 AM IST
ആന്പല്ലൂർ: അടിപ്പാത നിർമാണമാണ് ആന്പല്ലൂരിലും വാഹനങ്ങൾക്കു വില്ലൻ. അവധിക്കാലത്തെ തിരക്കുകൂടിയായപ്പോൾ വാഹയാത്ര ഇഴയുകയാണ്.
അടിപ്പാതയുടെ ബോക്സ് നിർമാണം പൂത്തിയായെങ്കിലും സർവീസ് റോഡിന്റെ കലുങ്ക് നിർമാണം ഇഴയുന്നതാണു പ്രശ്നം. അടിപ്പാത നിർമിക്കുന്നയിടത്തെ റോഡിന്റെ സ്ഥിതിയും മോശമാണ്. വരന്തരപ്പിള്ളി, കല്ലൂർ ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളും സർവീസ് റോഡിലേക്ക് എത്തുന്നതോടെ കുരുക്കു മുറുകും.
പല സമയത്തും തൃശൂർ ഭാഗത്തേക്കുള്ള പാതയിലെ തിരക്ക് പുതുക്കാട് വരെയാണ് നീളാറുള്ളത്. ചെറിയ അപകടങ്ങളുണ്ടായാൽ നിര പിന്നെയും നീളും. അടിപ്പാത നിർമാണം ആരംഭിക്കുന്നതിനു മുൻപേയാണ് സർവീസ് റോഡ് പൊളിച്ചത്. പലയിടത്തും റോഡിൽ മണ്‍കൂനകളായി.
ഡ്രെയിനേജുകൾ പൂർത്തിയാക്കാത്തതുമൂലം മഴവെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത അവസ്ഥയിലാണ്. ദിനവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ടോൾ പാതയിൽ ദേശീയപാത അഥോറിറ്റിയും ടോൾ കരാർ കന്പനിയും നടത്തുന്ന നവീകരണ പ്രഹസനങ്ങൾക്ക് ഇരയാകുകയാണു യാത്രക്കാർ.