നാടാകെ വിഷു ഒരുക്കങ്ങളിലേക്ക്
1542377
Sunday, April 13, 2025 6:18 AM IST
തൃശൂർ: നാളെ വിഷു. നാടാകെ വിഷു ഒരുക്കങ്ങളുടെ തിരക്കിലാണ്. ഇന്ന് ഞായറാഴ്ചയാണെങ്കിലും വിഷുത്തലേന്നായതിനാൽ കച്ചവടസ്ഥാപനങ്ങളെല്ലാം തുറക്കും. വിഷുത്തലേന്ന് കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
പടക്കക്കടകളിൽ തിരക്ക് നേരത്തേ തുടങ്ങി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ വിലക്കൂടുതൽ പടക്കങ്ങൾക്കില്ല. വിഷുസദ്യ ഒരുക്കാനുള്ള പച്ചക്കറികൾ വാങ്ങാൻ ആളുകൾ ഇന്ന് കൂടുതലായി എത്തുമെന്നാണ് ശക്തൻ നഗറിലെ പച്ചക്കറി വ്യാപാരികൾ ഉൾപ്പടെയുള്ളവർ പ്രതീക്ഷിക്കുന്നത്. പച്ചക്കറി വിലയിലും വലിയ കുതിപ്പ് ഇത്തവണയില്ല. പലയിടത്തും റെഡിമെയ്ഡ് വിഷുസദ്യകൾ വിഭവസമൃദ്ധമായ കറികളും പപ്പടവും പായസങ്ങളുമടക്കം വിതരണം ചെയ്യുന്നുണ്ട്. ഇത്തരം സദ്യകൾക്ക് വലിയ ഡിമാന്റാണ് ഇത്തവണ.
കണിക്കൊന്നപ്പൂക്കൾ ഇന്നു പുലർച്ചെയോടെ വിഷുവിപണിയിലെത്തും. ഇന്നലെ വൈകുന്നേരത്തോടെ പൂത്തുലഞ്ഞു നിൽക്കുന്ന കൊന്നമരങ്ങളിൽനിന്ന് കൊന്നപ്പൂക്കൾ പറിച്ചെടുക്കാനുള്ള തിക്കും തിരക്കുമായിരുന്നു പലയിടത്തും. വിഷുവിന് പുതുവസ്ത്രങ്ങൾ വാങ്ങാൻ തുണിക്കടകളിലും തിരക്കനുഭവപ്പെടുന്നുണ്ട്.ഓണത്തിന്റെ ഉത്രാടപ്പാച്ചിൽ പോലെ ഇന്ന് വിഷുത്തലേന്നുള്ള പാച്ചിലിന്റെ ദിവസമാണ്.
ഗുരുവായൂരിൽ വിഷുക്കണി ദർശനം പുലർച്ചെ 2.45 മുതൽ
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനവും വിഷു വിളക്കും നാളെ നടക്കും. പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെയാണ് വിഷുക്കണി ദർശനം. മേല്‍ശാന്തി കാവപ്രമാറത്ത് അച്യുതൻ നമ്പൂതിരി പുലര്‍ച്ചെ രണ്ടിന് മുറിയില്‍ കണികണ്ടതിനുശേഷം തീര്‍ഥക്കുളത്തില്‍ കുളിച്ചെത്തി ശ്രീലക വാതില്‍ തുറന്ന് ഗുരുവായൂരപ്പനെ കണികാണിക്കും. തുടര്‍ന്നാണ് ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനം.
ഇന്നു രാത്രി അത്താഴപ്പൂജക്ക് ശേഷം കീഴ്ശാന്തി നമ്പൂതിരിമാര്‍ ചേര്‍ന്ന് ക്ഷേത്ര മുഖമണ്ഡപത്തില്‍ കണി ഒരുക്കും. ഓട്ടുരുളിയില്‍ ഉണക്കലരി, പുതുവസ്ത്രം, ഗ്രന്ഥം, സ്വര്‍ണം, വാല്‍ക്കണ്ണാടി, കണിക്കൊന്ന, വെള്ളരി, ചക്ക, മാങ്ങ, പഴങ്ങള്‍, നാളികേരം എന്നിവയാണ് കണിക്കോപ്പുകൾ. നമസ്കാര മണ്ഡപത്തിലും കണി ഒരുക്കും.
ഇത് ഭക്തർക്ക് കണികാണുന്നതിന് കൂടുതൽ സൗകര്യമാണ്. പുലര്‍ച്ചെ 2.15ന് മുഖമണ്ഡപത്തിലെ വിളക്കുകള്‍ തെളിയിക്കും. നാളികേരമുറിയില്‍ നെയ് വിളക്ക് തെളിയിച്ചശേഷം മേല്‍ശാന്തി ഗുരവായൂരപ്പനെ കണികാണിക്കും. തുടര്‍ന്ന് ഗുരുവായൂരപ്പന്റെ തങ്ക തിടമ്പ് സ്വര്‍ണ സിംഹാസനത്തില്‍ ആലവട്ടം, വെഞ്ചാമരം എന്നിവകൊണ്ട് അലങ്കരിച്ചുവയ്ക്കും. സിംഹാസനത്തിന് താഴെയായി ഓട്ടുരുളിയില്‍ ഒരുക്കിയ കണിക്കോപ്പുകളും വയ്ക്കും. തുടര്‍ന്നാണ് ഭക്തര്‍ക്ക് കണി ദര്‍ശനം.
വിഷുപ്പുലരിയില്‍ കണ്ണനെ കണികണ്ട് അനുഗ്രഹം നേടാന്‍ ആയിരങ്ങളാണ് ഗുരുവായൂരിലെത്തുക. വർഷങ്ങളായി വിഷു ദിനത്തിൽ ചുറ്റുവിളക്ക് ലണ്ടനിലെ വ്യവസായിയായ തെക്കുമുറി ഹരിദാസിന്റെ വകയാണ്. ഹരിദസിന്റെ മരണശേഷവും അദ്ദേഹത്തിന്റെ വീട്ടുകാരാണ് വിളക്ക് നടത്തുന്നത്. ക്ഷേത്രത്തിൽ രാവിലെയും വൈകീട്ടും മേളത്തോടെയുള്ള കാഴ്ച ശീവേലിയും രാത്രി വിളക്കെഴുന്നെള്ളിപ്പുമാണ്. സന്ധ്യക്ക് തായമ്പകയും ഉണ്ടാവും.
സ്വന്തം ലേഖകൻ