കനകമല കുരിശുമുടി മഹാതീര്‍ഥാടനം ഇന്ന്
1542373
Sunday, April 13, 2025 6:18 AM IST
കൊടകര: 86-ാമത് കനകമല കുരിശുമുടി നോമ്പുകാല തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള മഹാതീര്‍ഥാടനം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചിന് അടിവാരം ദേവാലയാങ്കണത്തില്‍ മഹാതീര്‍ഥാടനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനം ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ അധ്യക്ഷത വഹിക്കും.
കൊടകര ഫൊറോന വികാരി ഫാ.ജെയസന് കരിപ്പായി, റെക്ടര്‍ ഫാ. മനോജ് മേക്കാടത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ബിഷപ്പിന്റെ നേതൃത്വത്തില്‍ നിരവധി വിശ്വാസികളുടെ അകമ്പടിയോടെ കുരിശുമുടിയിലേക്ക് പ്രാര്ഥനയാത്ര നടക്കും. രാത്രി ഏഴിന് കുരിശുമുടിയില്‍ നടക്കുന്ന ദിവ്യബലിക്കും തിരുക്കര്‍മങ്ങള്‍ക്കും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ക്രൈസ്തവ വിശ്വാസികള്‍ വിശുദ്ധ വാരമായി ഈ മാസം 13 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ദിവസങ്ങളില്‍ കനകമല കുരിശുമുടി കയറാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് എത്താറുള്ളത്. ഈ ദിവസങ്ങളില്‍ രാത്രി 12 വരെ വിശ്വാസികള്‍ക്ക് മലകയറാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതായി പിആര്‍ഒ ഷോജന്‍ ഡി. വിതയത്തില്‍ അറിയിച്ചു.
വഴിവിളക്ക്, കുടിവെള്ളം, ഫസ്റ്റ് എയ്ഡ്, ആംബുലന്‍സ് സേവനം, വാഹന പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 27ന് നടക്കുന്ന വിശ്വാസ പ്രഖ്യാപന തിരുനാളോടുകൂടി കനകമല തീര്‍ഥാടനം സമാപിക്കും.