ഓട്ടോറിക്ഷയിൽ ഗുഡ്സ് വണ്ടിയിടിച്ച് ഗ്യാസ് ചോർന്നതു പരിഭ്രാന്തിക്കിടയാക്കി
1542354
Sunday, April 13, 2025 6:07 AM IST
എരുമപ്പെട്ടി: കടങ്ങോട് മുക്കിലപീടികയ്ക്ക് സമീപം ഓട്ടോറിക്ഷയിൽ ഗുഡ്സ് വണ്ടിയിടിച്ച് അപകടം. ഓട്ടോറിക്ഷയിൽനിന്ന് ഗ്യാസ് ചോർന്നത് പരിഭ്രാന്തിക്കിടയാക്കി.
കുന്നംകുളത്തുനിന്ന് ഫയർഫോഴ്സെത്തി ഗ്യാസ് ചോർച്ച തടഞ്ഞു. ഇന്നലെ ഉച്ചയോടെ മുക്കിലപീടിക കയറ്റത്തിലാണ് അപകടമുണ്ടായത്. പഴഞ്ഞി അയിനൂരിൽനിന്ന് എരുമപ്പെട്ടിയിലേക്ക് വരുകയായിരുന്ന സിഎൻജി ഓട്ടോറിക്ഷയിൽ എതിർദിശയിൽനിന്നുവന്ന ഗുഡ്സ് വാഹനമിടിക്കുകയായിരുന്നു. ഗുഡ്സ് വാഹനം ദിശമാറി സഞ്ചരിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ അയിനൂർ കിഴക്കൂട്ട് വീട്ടിൽ ജയന്(49) പരിക്കേറ്റു.
ഇയാളെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ കുന്നംകുളം സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഓട്ടോറിക്ഷയിൽനിന്ന് ഇന്ധനമായ സിഎൻജി ഗ്യാസ് ചോർന്നത് പരിഭ്രാന്തിപരത്തി.
കുന്നംകുളത്തുനിന്ന് ഫയർഫോഴ്സും എരുമപ്പെട്ടി പോലീസും സ്ഥലത്തെത്തി. പരസ്പരം കുരുങ്ങിക്കിടന്നിരുന്ന വാഹനങ്ങൾ തള്ളിമാറ്റി.
തുടർന്ന് ഫയർഫോഴ്സ് ഗ്യാസ് ചോർച്ചയടച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി. കണ്ണദാസ്, പി. പവിത്രൻ, എസ്. വിബിൻ, എം. റഫീക്ക്, ഗോഡ്സൺ ആൽബർട്ട്, വിഷ്ണുദാസ്, പോലീസ് ഓഫീസർമാരായ അജി പനയ്ക്കൽ, അഭിലാഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകി.