അനധികൃത മത്സ്യബന്ധനം: മൂന്ന് ബോട്ടുകൾ പിടിച്ചെടുത്തു
1541919
Saturday, April 12, 2025 1:49 AM IST
ചാവക്കാട്: കണ്ണിവലിപ്പംകുറഞ്ഞ വലകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾക്കെതിരേ നടപടിയെടുത്ത് ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെന്റ് സംഘം.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നൽകിയ പരാതിയിൽ അഴീക്കോട് ഫഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. സീമയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ആഴക്കടലിലും തീരക്കടലിലും ഹാർബറുകളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് നടപടി. പറവൂർ മന്നംസ്വദേശി അയ്യാലിൽ ബഷീറിന്റെ രമേഷ് എന്ന ബോട്ട്, മുനമ്പം പള്ളിപ്പുറം സ്വദേശി ആറുക്കാട്ടിൽ പ്രകാശന്റെ ദർശനം ബോട്ട്, ചെറായി തച്ചേരി ഷൈജുവിന്റെ കെയ്റ എന്നീ ബോട്ടുകളാണ് പിടിച്ചെടുത്തത്.
ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് അനധികൃത മീൻപിടുത്തം നടത്തിയിരുന്നത്. അഴീക്കോട് മുതൽ വടക്കേ അതിർത്തിയായ കാപ്പിരിക്കാട് വരെയുള്ള കടൽത്തീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കിയതിനിടയിലാണ് മുനമ്പം ഭാഗത്തുനിന്നുവന്ന ബോട്ടുകൾ അനധികൃത മാര്‍ഗങ്ങളിലൂടെ മത്സ്യബന്ധനം നടത്തിയത് കണ്ടെത്തിയത്.
ബോട്ടുകളിലെ മത്സ്യം ലേലംചെയ്തയിനത്തിൽ 1,02,300 രൂപ ലഭിച്ചു. അനധികൃത മത്സ്യബന്ധനം നടത്തിയതിന് ഓരോ ബോട്ടിനും 2.5 ലക്ഷം പിഴചുമത്തി. ഭക്ഷ്യയോഗ്യമല്ലാത്ത 5000 കിലോ മത്സ്യങ്ങൾ കടലിൽ ഒഴുക്കിക്കളഞ്ഞു. പരിശോധനാസംഘത്തിൽ അഴിക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ.സി. സീമ, മെക്കാനിക് ജയചന്ദ്രൻ, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഉദ്യേഗസ്ഥരായ വി.എം. ഷൈബു, വി.എൻ. പ്രശാന്ത്കുമാർ, ഇ.ആർ. ഷിനിൽകുമാർ എന്നിവര്‍ നേതൃത്വംനല്കി.