ചിറങ്ങരയിൽ പ്രതിസന്ധി രൂക്ഷം പ്രായോഗിക ബുദ്ധിമുട്ട് കണ്ടില്ലെന്നു നടിച്ചു, നാലുപാടും പ്രതിസന്ധി
1542567
Monday, April 14, 2025 12:56 AM IST
കൊരട്ടി: ദേശീയപാത 544ൽ വാളയാർ- അങ്കമാലി മേഖലയിൽ 12 അടിപ്പാതകളുടെ നിർമാണം ഒരേ സമയം ആരംഭിച്ചതുമൂലമുള്ള പ്രതിസന്ധിക്ക് അയവില്ല. നിലവിലുള്ള ഡിവൈൻ അടിപ്പാതയും മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര ജംഗ്ഷനുകളിലെ നിർദിഷ്ട അടിപ്പാതകളുമടക്കം ആറു കിലോമീറ്ററിനുള്ളിൽ നാല് അടിപ്പാതകൾക്ക് പകരം എലവേറ്റഡ് ഹൈവേ എന്ന ആശയം ജനം മുന്നോട്ടുവച്ചിരുന്നു. ഇതു തള്ളിയ എൻഎച്ച്എഐ ഒരേസമയം മൂന്നിടങ്ങളിലും അടിപ്പാത നിർമിക്കാനിറങ്ങിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ടതോടെ കുരുക്ക് അതികഠിനമായി.
മുരിങ്ങൂർമുതൽ പൊങ്ങംവരെ പൂർണമായി സർവീസ് റോഡ് നിർമിച്ചശേഷം മാത്രമേ അടിപ്പാതയ്ക്കായി പ്രധാന പാത പൊളിക്കാവൂ എന്ന നിർദേശംതള്ളി നിർദിഷ്ട ഇടങ്ങളിൽമാത്രം ബദൽ പാതയൊരുക്കി വാഹനങ്ങൾ കടത്തിവിട്ടതാണു മാസങ്ങളായി നേരിടുന്ന കുരുക്കിന്റെ പ്രധാന കാരണം. അഞ്ചര കിലോമീറ്ററിനുള്ളിൽ മൂന്ന് അടിപ്പാതകൾ നിർമിക്കുന്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് മുൻകൂട്ടി കാണാൻ കഴിയാതെപോയി. പുതുതായി നിർമിച്ച ഡ്രെയിനേജുകൾ പലവട്ടം പൊളിച്ചുപണിതു. ചിറങ്ങരയിലെ അടിപ്പാതയുടെ ബേസ്മെന്റ് പണിക്കായി കെട്ടിയ കന്പികൾ അഴിച്ചുമാറ്റി വീണ്ടും കെട്ടേണ്ടിവന്നു.
മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാത നിർമാണം പൂർത്തിയായതിനു ശേഷം മാത്രം കൊരട്ടിയിൽ നിർമാണ പ്രവൃത്തികൾക്കായി പ്രധാനപാത പൊളിച്ചാൽ മതിയെന്ന വാദം ശക്തമാണ്. കൂടാതെ മൂന്നു സ്പാനുകൾ എന്നത് കൂടുതൽ സ്പാനുകളിലുള്ള പാലമാക്കി പുനഃക്രമീകരിക്കണം എന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. വൈദ്യുതി തൂണുകൾക്കായി റോഡിന്റെ ഘടനയിലും മാറ്റംവരുത്തുന്നത് ഭാവിയിൽ പ്രശ്നമാകും. ഇരു ഭാഗത്തുള്ള ഡ്രെയിനേജുകൾക്കു പുറമെ രണ്ടു മീറ്റർ വീതമുള്ള യൂട്ടിലിറ്റി കോറിഡോർ അനിവാര്യമാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ടോൾ പിരിവു നിർത്തമെന്ന ആവശ്യവും ശക്തമാണ്.