ക്ഷേത്രത്തിന്റെ ഭണ്ഡാരംതകർത്ത് മോഷണം; മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ
1542346
Sunday, April 13, 2025 6:07 AM IST
വാടാനപ്പിള്ളി: നടുവിൽക്കരയിൽ ക്ഷേത്രഭണ്ഡാരത്തിന്റെ പൂട്ടുപൊളിച്ച് മോഷണം. തെക്കേ റേഷൻകടയ്ക്ക് കിഴക്ക് പുഴയോരത്തെ വന്നേരി കുടുംബക്ഷേത്രത്തിലായിരുന്നു കഴിഞ്ഞദിവസം രാത്രി മോഷണംനടന്നത്. മതിൽച്ചാടി അകത്തുകയറിയ മോഷ്ടാവ് ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളാണ് പൊളിച്ച് പണംകവർന്നത്.
മോഷ്ടാവ് വരുന്നതും മതിൽ ചാടുന്നതും പണംകവർന്ന് പോകുന്നതും സമീപത്തു സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. മുമ്പും പലതവണ മോഷണം നടന്നിരുന്നു. ഇതോടെയാണ് മോഷ്ടാവിനെ കണ്ടെത്താൻ ക്ഷേത്രത്തിന് സമീപം സിസിടിവി കാമറ സ്ഥാപിച്ചത്. വാടാനപ്പിള്ളി പോലീസിൽ പരാതിനൽകി.