ജബൽപുരിലെ ആക്രമണം: യൂത്ത് കോൺഗ്രസ് മാർച്ചിനുനേരേ ജലപീരങ്കി
1542374
Sunday, April 13, 2025 6:18 AM IST
തൃശൂർ: ജബൽപുരിൽ മലയാളി ക്രൈസ്തവ വൈദികരെ ആക്രമിച്ച സംഭവത്തിനെതിരേ യൂത്ത് കോൺഗ്രസ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്കു നടത്തിയ പ്രതിഷേധമാർച്ചിനുനേരേ ജലപീരങ്കി പ്രയോഗിച്ച് പോലീസ്.
മതന്യൂനപക്ഷങ്ങളെയും കേന്ദ്രസർക്കാരിനെ വിമർശിക്കുന്നവരെയും സംഘപരിവാർ സംഘടനകൾ ഭയപ്പെടുത്തി നിശബ്ദരാക്കുകയാണെന്നു പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി സെക്രട്ടറി എ. പ്രസാദ് പറഞ്ഞു.
ക്രിസ്ത്യൻ സമുദായത്തിനെതിരായ ഓർഗനൈസറിലെ ലേഖനം വഖഫ് ബില്ലിനു ശേഷമുള്ള സർക്കാരിന്റെ അജൻഡയാണു കാണിക്കുന്നത്. സ്വന്തം ലോക്സഭാ മണ്ഡലത്തിലെ ഒരു വൈദികനെ സംഘപരിവാറുകാർ ക്രൂരമായി മർദിച്ചിട്ടും പ്രതികരിക്കാത്ത കേന്ദ്രമന്ത്രി ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രസാദ് കുറ്റപ്പെടുത്തി. നിയോജകമണ്ഡലം പ്രസിഡന്റ് കെ. സുമേഷ് അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വൈശാഖ് നാരായണസ്വാമി, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ.ജെ. ജെനീഷ്, സംസ്ഥാന സെക്രട്ടറി നിഖിൽ ജി. കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.