അപകടത്തില്‍ ശരീരം തളർന്നയാള്‍ക്കു നഷ്ടപരിഹാരം ലഭിച്ചില്ല
1541918
Saturday, April 12, 2025 1:49 AM IST
വടക്കാഞ്ചേരി: ഏഴുവർഷംമുമ്പ് അപകടത്തെത്തുടർന്ന് ശരീരംതളർന്ന നാരായണൻ നീതിക്കായുള്ള പോരാട്ടം തുടരുകയാണ്. 2017ലാണ് വടക്കാഞ്ചേരി കരുമത്ര ഭഗത്സിംഗ് റോഡിൽ താമസിക്കുന്ന മഠപ്പാട്ടിൽ നാരായണന്(58) അപകടമുണ്ടായത്.
തൃശൂരിൽ പഴവര്‍ഗ കച്ചവടവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിരുന്ന നാരായണൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ, അതിവേഗതയിൽ ദിശതെറ്റിച്ചുവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തുടർന്ന് കാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ നാരായണന് ഇപ്പോൾ നടക്കാൻകഴിയാത്ത അവസ്ഥയാണ്.
നഷ്ടപരിഹാര കേസ് വിധിയായി എന്നു വക്കീൽ അറിയിച്ചെന്നു നാരായണൻ പറയുന്നു. എന്നാല്‍ ഇടിച്ച ബൈക്കിന് ഇൻഷ്വറൻസ് ഇല്ലാത്തതു നാരായണന് നഷ്ടപരിഹാരം ലഭിക്കുന്നതിന് കാലതാമസമുണ്ടാക്കുകയാണ്.
അപകടമുണ്ടാക്കിയ ചേലക്കര കുറുമല പുളിക്കൽവീട്ടിൽ മിഥുൻ ഗൾഫിലാണ്. അധികൃതർ അന്വേഷണത്തിൽ നിസംഗതപുലർത്തുകയാണെന്നു നാരായണൻ പറഞ്ഞു.