അധികൃതരുടെ അനാസ്ഥ; കുറുമാലിപ്പുഴയില്‍ ജലനിരപ്പു താഴ്ന്നു
1541916
Saturday, April 12, 2025 1:49 AM IST
പുതുക്കാട്: കടുത്ത വേനലില്‍ പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിനായി ലക്ഷങ്ങള്‍മുടക്കി കെട്ടിയ മണ്‍ചിറകളുടെ അശാസ്ത്രീയനിര്മാണംമൂലം കുറുമാലിപ്പുഴയില്‍ ജലനിരപ്പുതാഴുന്നു.
മണ്ചിറയോടുചേര്ന്നുള്ള ചീര്‍പ്പിലൂടെ ക്രമാതീതമായി വെള്ളം ഒഴുക്കിക്കളയുന്നതാണ് പുഴ വറ്റിവരളാന്‍ ഇടയാക്കുന്നത്. ചീര്‍പ്പില്‍ പലകകള്‍ ഇട്ട് നിയന്ത്രിച്ചാണ് ചെറിയതോതില്‍ വെള്ളം ഒഴുക്കിവിടാറുള്ളത്. എന്നാല്‍ ഇത്തവണ തോട്ടുമുഖം ചിറയില്‍ വെള്ളം തടഞ്ഞുനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണ്. പുഴയില്‍ വെള്ളം താഴ്ന്നതോടെ മൂന്നുപഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്ന തോട്ടുമുഖം പദ്ധതിയുടെ പമ്പിംഗ് പ്രതിസന്ധിയിലായിരിക്കുകയാണ്.
കൂടാതെ ഉയര്‍ന്നപ്രദേശത്തെ കിണറുകളില്‍ ജലനിരപ്പ് താഴ്ന്ന് രൂക്ഷമായ കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. കുറുമാലി പുഴയിലെ വെള്ളത്തെ ആശ്രയിച്ച് കൃഷിയിറക്കിയ കര്‍ഷകര്‍ വിളകള്‍ ഉണക്കുഭീഷണി നേരിടുന്നതായും പറയുന്നു. മണ്‍ചിറകള്‍ നിര്‍മിക്കുമ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ സ്ഥലത്ത് പരിശോധന നടത്താത്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വര്‍ഷംതോറും ലക്ഷങ്ങള്‍ മുടക്കി നിര്‍മിക്കുന്ന മണ്‍ചിറകള്‍ കാലവര്‍ഷാരംഭത്തില്‍തന്നെ പൊട്ടിപ്പോകുകയാണ് പതിവ്. വേനലില്‍ കെട്ടുന്ന ചിറകളില്‍ വെള്ളം സംഭരിച്ചുനിര്‍ത്തി കൃഷിക്കും കുടിവെള്ള പദ്ധതികള്‍ക്കും പ്രയോജനകരമാക്കുന്ന പദ്ധതിയാണ് അധികൃതരുടെ അശ്രദ്ധമൂലം പാഴ്ചെലവായി മാറുന്നത്. ചിമ്മിനി ഡാമില്‍നിന്ന് തുറന്നുവിടുന്ന വെള്ളം ഒഴുക്കികളയാതെ ചീര്‍പ്പില്‍ തടഞ്ഞു നിര്‍ത്താനുള്ള സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വര്‍ഷംതോറും മണ്ചാക്കുകള്നിരത്തി താത്്കാലിക ചിറകള്‍ കെട്ടുന്നതിലൂടെ ലക്ഷങ്ങളുടെ നഷ്ടവും മാലിന്യപ്രശ്നവും ഉണ്ടാകുമ്പോള്‍ സ്ഥിരം തടയണകള്‍ നിര്‍മിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.