ചുഴലിക്കാറ്റ്, അനുബന്ധദുരന്ത പ്രതിരോധ തയാറെടുപ്പ്; മോക്ക് ഡ്രിൽ നടത്തി
1541926
Saturday, April 12, 2025 1:49 AM IST
തൃശൂർ: ദേശീയ ദുരന്തനിവാരണ അഥോറിറ്റിയും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും സംയുക്തമായി സംസ്ഥാനതലത്തിൽ ചുഴലിക്കാറ്റിന്റെയും അനുബന്ധദുരന്തങ്ങളുടെയും തയാറെടുപ്പുകൾ വിലയിരുത്തുന്നതിനു മോക് ഡ്രിൽ നടത്തി.
ജില്ലയിലെ ചേറ്റുവ ഹാർബർ, കാറളത്തെ ഗെയിൽ ഇന്ത്യയുടെ സെക്ഷണൽ വാൽവ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് മോക്ഡ്രിൽ നടത്തിയത്. ദുരന്തമുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇൻസിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ പ്രവർത്തനം, കണ്ട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, സൈറണുകളുടെ പ്രവർത്തനം, അപകടസ്ഥലത്തു നടത്തുന്ന പ്രതികരണ രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങൾ മോക് എക്സർസൈസിൽ വിലയിരുത്തി. മോക് ഡ്രില്ലിനെതുടർന്ന് വിവിധ ജില്ലകളുടെ കളക്ടർമാർ, ദേശീയ, സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ ഓണ്‍ലൈനായി അവലോകനയോഗം നടത്തി.
ജില്ലയിൽ നടത്തിയ മോക് ഡ്രില്ലിനു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നേതൃത്വം നൽകി. ആർഡിഒ എം.സി. റെജിൽ, ഡിഎം ഡെപ്യൂട്ടി കളക്ടർ സ്മിതാറാണി, ആർആർ ഡെപ്യൂട്ടി കളക്ടർ വിഭൂഷണൻ, ജില്ലാ ഫയർ ഓഫീസർ എം.എസ്. സുവി തുടങ്ങിയവർ സന്നിഹിതരായി.