വിശ്വദീപ്തി തട്ടിപ്പ്: ഭരണസമിതിക്കെതിരേ ജീവനക്കാർ രംഗത്ത്
1542376
Sunday, April 13, 2025 6:18 AM IST
തൃശൂർ: വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡിലെ നിക്ഷേപ തട്ടിപ്പിൽ പരാതിയുമായി ജീവനക്കാർ രംഗത്ത്. കേസിൽ ഭരണസമിതി അംഗങ്ങൾക്കു പകരം നിക്ഷേപകരെ ചേർത്തിയ തങ്ങളുടെ പേരിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നും ഇത് ഒഴിവാക്കണമെന്നും ജീവനക്കാർ പറഞ്ഞു.
മികച്ച ശന്പളവും ആനുകൂല്യങ്ങളും വാഗ്ദാനംചെയ്താണ് തങ്ങളെ ജോലിക്കു കയറിയത്. എന്നാൽ കഴിഞ്ഞ അഞ്ചു മാസത്തോളമായി ശന്പളംപോലും ലഭിച്ചിട്ടില്ല. ഇതിനിടെ നിക്ഷേപകർ പരാതികളുമായി വന്നപ്പോൾ, അതിനു ഉത്തരംപറയേണ്ടത് മാനേജ്മെന്റ് ആണെന്നും മറ്റുള്ളവർ പ്രതികരിക്കേണ്ടതില്ലെന്നും ബുദ്ധിമുട്ടുള്ളവർക്ക് പിരിഞ്ഞുപോകാമെന്നുമാണു ഭരണസമിതി അറിയിച്ചതെന്നും അവർ പറഞ്ഞു.
നിലവിൽ കാർഷിക മേഖലയെ മുൻനിർത്തിയാണ് നിക്ഷേപങ്ങൾ സ്വീകരിച്ചത്. ഇതിനുപുറമെ കൊച്ചിയിൽ വലിയ കെട്ടിടസമുച്ചയം കാണിച്ചും അത് സൊസൈറ്റിയുടേതാണെന്ന് പറഞ്ഞും ഭരണസമിതി കബളിപ്പിക്കുകയായിരുന്നു.
എന്നാൽ ഇതൊന്നും ഉൾക്കൊള്ളാൻ തയാറാകാതെ നിക്ഷേപകർ കോർ കമ്മിറ്റി ചേർന്ന് ജീവനക്കാരെ കേസുകളിൽ കുടുക്കുകയാണ്. അതേസമയം കേസുകളിൽപ്പെടാതെ ഭരണസമിതി സ്വതന്ത്രമായി നടക്കുകയാണ്. നിലവിൽ ഒരു ജീവനക്കാരിയെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. നിക്ഷേപകർ തങ്ങളുടെ പേരിലല്ല, 11 അംഗ ഭരണസമിതിയുടെ പേരിലാകണം പരാതികൾ നൽകേണ്ടതെന്നും അവർ പറഞ്ഞു.
പത്രസമ്മേളനത്തിൽ മുൻജീവനക്കാരായ ഫെബി ജോബി, വി. സ്വപ്ന, ജീവനക്കാരായ അബി ഫ്രാൻസിസ്, പി.ജെ. ജോഫി എന്നിവർ പങ്കെടുത്തു.