കാറിടിച്ച് സൈക്കിൾ യാത്രികനായ ലോട്ടറി വില്പനത്തൊഴിലാളി മരിച്ചു
1542775
Tuesday, April 15, 2025 11:04 PM IST
ചാലക്കുടി: ഇന്നോവ കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. ചാലക്കുടി കൂടപ്പുഴ പടിയുക്കാരൻ ചാക്കപ്പൻ മകൻ ജോണി (71) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30 ന് പഴയ ദേശീയപാതയിൽ മഡോണയ്ക്കു സമീപമായിരുന്നു അപകടം.
ലോട്ടറി വില്പന കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ വേഗതയിലെത്തിയ കാർ ജോണിയെ ഇടിച്ചുവീഴ്ത്തിയശേഷം നിറുത്താതെ പോകുകയായിരുന്നു. പരിക്കേറ്റ് റോഡിൽ വീണുകിടന്ന ജോണിയെ എറെ നേരം കഴിഞ്ഞ് സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക്ക് യാത്രക്കാരെയാണ് ആദ്യം ഇന്നോവ കാർ ഇടിക്കേണ്ടിയിരുന്നത്. ബൈക്ക് യാത്രക്കാർ ഒഴിഞ്ഞുമാറിയതിനാൽ രക്ഷപ്പെട്ടു. ഇതിനു ശേഷം സൈക്കിളിൽ ഇടിച്ച് നിർത്താതെ പോയ കാറിനെ ബൈക്ക് യാത്രികർ പിന്തുടർന്നുവെങ്കിലും രക്ഷപ്പെട്ടു.
കാറിന്റെ നമ്പർ ബൈക്ക് യാത്രികർ പോലീസിനു കൈമാറുകയും വാഹനഉടമയെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ജോണി കോൺഗ്രസ് കൂടപ്പുഴ ബൂത്ത് പ്രസിഡന്റാണ്. സംസ്കാരം നടത്തി. ഭാര്യ: ലിസി. മകൻ: ഷെറിൻ.