കരയാംപറമ്പ് മുതൽ ചാലക്കുടിവരെ ഇരുദിശകളിലും അഴിയാക്കുരുക്ക്
1542341
Sunday, April 13, 2025 6:07 AM IST
കൊരട്ടി: ദേശീയപാത ഇന്നലെ പുലർച്ചെ മുതൽ രാവിലെ 11 വരെ അക്ഷരാഥത്തിൽ ദുരിതപാതയായി മാറി. ചിറങ്ങരയിലും മുരിങ്ങൂരിലും പ്രധാനപാത കൊട്ടിയടച്ച് അടിപ്പാത നിർമാണം ആരംഭിച്ചതു മുതൽ പ്രദേശവാസികൾ മുതൽ ദീർഘദൂര യാത്രികർ വരെ നേരിടുന്നതു നരകയാതനയാണ്. ഇന്നലെ കരയാംപറമ്പ് മുതൽ ചാലക്കുടി പാലം വരെ ഇരുദിശകളിലും രൂപപ്പെട്ടതു മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കാണ്.
രണ്ടാം ശനിയാഴ്ചയായ ഇന്നലെ മുതലുള്ള അവധികളും വിഷുവും വിശുദ്ധവാരവും സ്കൂൾ അവധികളും മൂലം ദേശീയ പാതയിൽ പതിവിലേറെ വാഹനങ്ങളുണ്ടായിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ നിയന്ത്രിക്കാനും വഴിതിരിച്ചുവിടാനും യാതൊരു സന്നാഹവും ഉണ്ടായിരുന്നില്ല. ഫ്ലാഗ് മാൻമാരെ വിവിധ ഇടങ്ങളിൽ ചുമതലപ്പെടുത്തുമെന്നും അവശ്യഘട്ടത്തിൽ പോലീസിന്റെ സഹായം ഉറപ്പുവരുത്തുമെന്നും അധികൃതർ പറഞ്ഞിരുന്നെങ്കിലും പാഴ്വാക്കായി.
വിവിധ കോണുകളിൽനിന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രതിഷേധം കടുത്തതോടെ മാത്രമാണു പ്രധാന കവലകളിലെല്ലാം പോലീസും ഫ്ലാഗ് മാന്മാരും എത്തി ഗതാഗതനിയന്ത്രണം ഏറ്റെടുത്തത്. രാവിലെ പതിനൊ ന്നോടെ മാത്രമാണ് ചാലക്കുടി ഭാഗത്തേക്കുള്ള ഗതാഗതം നിയന്ത്രണ വിധേയമായത്. അങ്കമാലി ഭാഗത്തേക്കുള്ള പാതയിൽ തടസം തുടർന്നുകൊണ്ടേയിരുന്നു. ചെറുവാഹനങ്ങൾ പോലീസ് ഇടപെട്ട് വഴി തിരിച്ചുവിട്ടതു ഒരു പരിധി വരെ കുരുക്കിന് അയവുവരുത്തി.
എന്നാൽ ദിശാബോർഡുകൾ സ്ഥാപിക്കുന്നതിൽ സംഭവിച്ച വീഴ്ചമൂലം മറുവഴി തേടിയവർ ലക്ഷ്യസ്ഥാനത്തേക്കുള്ള ദിക്ക് അറിയാതെ കഷ്ടപ്പെട്ടു. ചിറങ്ങരയിലും മുരിങ്ങൂരിലും അടിപ്പാത നിർമാണം പൂർത്തിയായശേഷം മാത്രമേ കൊരട്ടിയിലെ നിർമാണത്തിനായി പ്രധാനപാത അടയ്ക്കാവൂ എന്ന ശക്തമായ ആവശ്യം ഉയരുന്നുണ്ട്. കൊരട്ടിയും കൂടി നിർമാണങ്ങൾക്കായി കൊട്ടിയടച്ചാൽ നിയന്ത്രണാതീതമാകും എന്നതാണു യാഥാർഥ്യം.
മുന്നൊരുക്കങ്ങളില്ലാത്ത നിർമാണ പ്രവൃത്തികൾമൂലം ദുരിതത്തിലാകുന്നത് സാധാരണ ജനങ്ങളാണ്. എന്നാൽ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നോ രാഷ്ട്രീയ പാർട്ടി സംവിധാനങ്ങളിൽ നിന്നോ ഇതിന് പരിഹാരം കാണാൻ ഇടപെടലുണ്ടാകുന്നില്ല എന്ന ഗുരുതരമായ ആക്ഷേപമാണ് ജനങ്ങൾക്കുള്ളത്. ഗതാഗതക്കുരുക്കിൽപെട്ട് മണിക്കൂറുകളോളം വലയുന്ന യാത്രികരിൽനിന്നും ടോൾ പിരിക്കുന്ന നടപടി വിരോധാഭാസമാണെന്നും താത്കാലികമായി ടോൾ നിർത്തിവയ്ക്കണമെന്നും ജനങ്ങൾക്കിടയിൽ ആവശ്യം ശക്തമാണ്.
ഈ പുഴയും കടന്ന്...
കൊരട്ടി: ചിറങ്ങര ജംഗ്ഷനിൽ കാൽനട യാത്രികർക്കു ദേശീയപാതക്ക് കുറുകെ കടക്കാൻ ഇനി അര കിലോമീറ്ററെങ്കിലും താണ്ടണം. തിരുമുടിക്കുന്ന് റോഡിലുള്ളവർക്ക് റെയിൽവേ മേൽപ്പാലം ഭാഗത്തേക്കും അതുപോലെ തിരിച്ചും സഞ്ചരിക്കണമെങ്കിൽ ഇതാണ് സ്ഥിതി. അടിപ്പാതക്ക് ഇരുഭാഗവും പ്രി-കാസ്റ്റ് കോൺക്രീറ്റ് റീറ്റെയിൻ വാൾ സ്ഥാപിക്കുന്നതിനായി നാലുഭാഗത്തും കുഴിയെടുത്തതാണ് ഇതിന് കാരണം.
ഒരു ഭാഗം കുഴിയെടുത്ത് ഇവ സ്ഥാപിച്ചശേഷം മറുഭാഗം പൊളിക്കാവൂ എന്ന നാട്ടുകാരുടെ നിർദേശം മുഖവിലക്കെടുക്കാതെയാണ് കരാർ കമ്പനിയുടെ നടപടി. പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം നിർമിച്ച അടിപ്പാതയുടെ ബേസ്മെന്റിൽ ക്യൂറിംഗിനായി നിറച്ചിട്ട വെള്ളത്തിനു മുകളിൽ പലകയിട്ട് നടപ്പാത ഒരുക്കിയിരിക്കുകയാണ് കരാർ കമ്പനി ജീവനക്കാർ. അടിപ്പാതയുടെ പാർശ്വഭിത്തികളും മുകളിലെ സ്ലാബും കോൺക്രീറ്റ് ചെയ്യുമ്പോൾ ഏതുവഴി സഞ്ചരിക്കുമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് നാട്ടുകാർ.