വരവൂർ അറവുമാലിന്യ പ്ലാന്റിനെതിരേ പ്രതിഷേധം ; നാട്ടുകാരും പോലീസും തമ്മിൽ സംഘർഷം
1542357
Sunday, April 13, 2025 6:07 AM IST
എരുമപ്പെട്ടി: വരവൂർ തളിയിലെ അറവുമാലിന്യ പ്ലാന്റിനെതിരേ കഴിഞ്ഞദിവസം രാത്രിയിൽ നടന്ന പ്രതിഷേധം നാട്ടുകാരും പോലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. പോലീസ് ലാത്തിവീശി. പോലീസ് അകാരണമായി മർദിച്ചതിൽ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ പോലീസ് വാഹനത്തിനുമുന്നിൽ കുത്തിയിരിപ്പുനടത്തി.
തളി നടുവട്ടത്ത് പ്രവർത്തനമാരംഭിച്ച അറവുമാലിന്യ സംഭരണ പ്ലാന്റിനെതിരേ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സമരം നടക്കുന്നുണ്ട്. ഇന്നലെ രാത്രിയിൽ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നാണ് പരിസരവാസികളായ വനിതകളും കുട്ടികളും ഉൾപ്പടെയുള്ളവർ പ്രതിഷേധവുമായി പ്രദേശത്ത് സംഘടിച്ചത്. പ്ലാന്റിലേക്ക് അറവുമാലിന്യവുമായിവരുന്ന വാഹനം തടയുകയെന്ന ലക്ഷ്യത്തോടെ നാട്ടുകാർ റോഡിൽ നിലയുറപ്പിച്ചു.
ഇതിനിടയിൽ എരുമപ്പെട്ടി ഇൻസ്പെക്ടർ അശ്വനിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. വീട്ടമ്മമാർ പോലീസുമായി സംസാരിക്കാൻ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്.
പരാതി ഉന്നയിക്കാനെത്തിയ നാട്ടുകാരെ പോലീസ് വാഹനം തടഞ്ഞുവെന്ന് ആരോപിച്ച് അകാരണമായി മർദിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ലാത്തികൊണ്ടുള്ള അടിയും കുത്തുമേറ്റ് സ്ത്രീകളും സമരസമിതി നേതാക്കളും ഉൾപ്പടെ നിരവധിപേർക്ക് പരിക്കുപറ്റി.
പ്രകോപിതരായ നാട്ടുകാർ പോലീസ് വാഹനം തടയുകയും പോലീസുമായി രൂക്ഷമായ വാക്കേറ്റവും ഉന്തും തള്ളും നടന്നു. പിന്നീട് സമരസമിതി നേതാക്കൾ ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. പോലീസ് അകാരണമായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് സമരസമിതി നേതാക്കൾ ആരോപിച്ചു. ഏകപക്ഷീയമായ പോലീസ് നടപടിക്കെതിരെ ഉന്നത ഉദ്യോഗസ്ഥർക്കും ഇൻസ്പെക്ടർ അശ്വനിക്കെതിരേ പോലീസ് കംപ്ലയിന്റ് അഥോറിറ്റിക്കും പരാതിനൽകുമെന്നും പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.