ദേശീയപാതയിലെ കുരുക്കിന് ഉടൻ പരിഹാരമില്ല
1542566
Monday, April 14, 2025 12:56 AM IST
തൃശൂർ: അടിപ്പാത നിർമാണം ആരംഭിച്ചതിനുശേഷം ദേശീയപാതയിൽ രാപ്പകലില്ലാതെ കുരുക്കു തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 15 കിലോമീറ്ററോളം വാഹനങ്ങൾ പെട്ടുകിടന്നു. ദേശീയപാതയ്ക്കു സമാന്തരമായ ചെറു വഴികളിലും വാഹനത്തിരക്കുമൂലം വീർപ്പുമുട്ടി. ചിറങ്ങരയിൽ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള മതിയായ സ്ഥലമില്ലാത്തതാണു പ്രതിസന്ധിക്കിടയാക്കുന്നത്. ചിറങ്ങരയിൽനിന്നു വാഹനങ്ങളുടെ നിര ചാലക്കുടിവരെ നീണ്ടതോടെ വൻ പ്രതിഷേധത്തിനും ഇടയാക്കി.
ഇതിനു പുറമേ, തൃശൂർ കുറ്റിപ്പുറം പാതയിൽ ഉൾപ്പെടുന്ന പുഴയ്ക്കലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. വിഷുവിനോടനുബന്ധിച്ചുള്ള അവധികൂടിയെത്തിയതോടെ പുഴയ്ക്കൽ കടക്കാൻ മണിക്കൂറുകൾ കാത്തിരിക്കണം. സമയ നഷ്ടത്തിനൊപ്പം ഇന്ധന നഷ്ടവും സാന്പത്തിക നഷ്ടവും സഹിക്കേണ്ട ഗതികേടിലാണു യാത്രക്കാർ. മഴ ശക്തമായാൽ സ്ഥിതി കൂടുതൽ രൂക്ഷമാകും. അടിപ്പാതകളുടെ അനുബന്ധ ഭിത്തികൾ പലയിടത്തും പൊളിച്ചിട്ടുണ്ട്. മഴപെയ്താൽ ഈ ഭാഗങ്ങൾ ഇടിയാനും സാധ്യതയുണ്ട്.
കൊട"കരകയറ്റം' കഠിനം!
പതിവു കുരുക്ക് പേരാന്പ്രമുതൽ പെരിങ്ങാംകുളം വരെ
കൊടകര: പേരാന്പ്ര പള്ളി ജംഗ്ഷനിൽ അടിപ്പാതയുടെ നിർമാണമാണു കൊടകരയെ കുരുക്കിലാക്കുന്നത്. രാവിലെയും വൈകുന്നേരവും കുരുക്കു രൂക്ഷമാണ്. ചരക്കുലോറികൾ സർവീസ് റോഡിലൂടെ ഒറ്റവരിയായി പോകുന്നതാണ് പ്രതിസന്ധി. പേരാന്പ്രമുതൽ കൊടകര പെരിങ്ങാംകുളംവരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. അപ്പോളോ പടി മുതൽ പെട്രോൾ പന്പുവരെയുള്ള ഭാഗങ്ങളിൽ പ്രധാനപാതയിൽ പ്രവേശനമില്ലാത്തതിനാൽ സർവീസ് റോഡാണ് ആശ്രയം. ബസുകൾ യാത്രക്കാരെ ഇറക്കാൻ നിർത്തിയാൽ കുരുക്കും രൂക്ഷമാകും. അവധിക്കാലത്തെ വാഹനപ്പെരുക്കവും മറ്റൊരു കാരണമാണ്.
എന്നാൽ, മറ്റിടങ്ങളെ അപേക്ഷിച്ചു കൊടകരയിൽ കുരുക്കുകുറവാണെന്നു നാട്ടുകാർ പറഞ്ഞു. സർവീസ് റോഡുകൾ, കാനകൾ എന്നിവയുടെ നിർമാണം പൂർത്തിയാക്കി പ്രധാനപാതയിൽ ഗതാഗതം കേന്ദ്രീകരിച്ചതാണു സഹായമായത്. അടിപ്പാതയുടെ ഒരുഭാഗത്തിന്റെ കോണ്‍ക്രീറ്റിംഗ് രണ്ടുമാസംമുന്‍പ് പൂർത്തിയായി. വടക്കുഭാഗത്തേക്കുള്ള പാതയിലാണ് പണി നടക്കാനുള്ളത്. മറുവശത്ത് ഒരാഴ്ചയ്ക്കകം കോണ്‍ക്രീറ്റിംഗ് പൂർത്തിയാകും. അടിപ്പാതയ്ക്ക് ഇരുഭാഗത്തുമുള്ള പ്രധാനപാതകളെ സർവീസ് റോഡിൽനിന്നു വേർതിരിക്കാനുള്ള സംരക്ഷണഭിത്തിയുടെ ചാലുകീറുന്ന പണികളും പുരോഗമിക്കുന്നു. നിർമാണത്തിൽ തടസമുണ്ടായില്ലെങ്കിൽ ഈവർഷം അവസാനം അടിപ്പാത യാഥാർഥ്യമാകും.