കാട്ടാന ആക്രമണം വീണ്ടും
1541925
Saturday, April 12, 2025 1:49 AM IST
അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം. പിള്ളപ്പാറയിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കാട്ടാന കുത്തിമറിച്ചിട്ടു. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ റേഷൻകടയ്ക്കുമുന്നിലായിരുന്നു സംഭവം.
റേഷൻകട ലക്ഷ്യമിട്ടാണ് കാട്ടാന എത്തിയതെന്നു കരുതുന്നു. എന്നാൽ റേഷൻ കടയ്ക്കുമുന്നിൽ ഒരു ലോറി നിർത്തിയിട്ടിരുന്നതിനാൽ ആനയ്ക്കു റേഷൻകടയുടെ അടുത്തേക്കു പോകാൻ സാധിച്ചില്ല. തുടർന്നാണ് സമീപത്തു നിർത്തിയിട്ടിരുന്ന മാപ്രാണത്തുകാരൻ ജോഷിയുടെ ഓട്ടോ കുത്തിമറിച്ചിട്ടത്. ഓട്ടോയ്ക്കു കേടുപാടുകൾ സംഭവിച്ചു. ഓട്ടോടെ മുകൾഭാഗത്തെ റെക്സിൻ ആന കുത്തിക്കീറി.
ശബ്ദംകേട്ടെത്തിയ നാട്ടുകാർ പടക്കംപൊട്ടിച്ചാണ് ആനയെ കാട്ടിലേക്കു തിരിച്ചുവിട്ടത്. ഈ മേഖലയിൽ കാട്ടാനശല്യം പതിവായിട്ടുണ്ട്. റേഷൻകട തകർത്തു ഭക്ഷ്യധാന്യങ്ങൾ തിന്നാൻതന്നെയാണ് ആനയെത്തിയതെന്നാണ് നാട്ടുകാർ കരുതുന്നത്.
മുൻപ് അതിരപ്പിള്ളിയിൽ കാട്ടാനകൾ സ്കൂൾ പാചകപ്പുരയും മറ്റും തകർത്ത് ഭക്ഷ്യധാന്യങ്ങൾ തിന്നിരുന്നു.
കുറ്റിച്ചിറ: പീലാർമുഴിയിൽ കാട്ടാന ഇറങ്ങി കൃഷികൾ നശിപ്പിച്ചു. തറയിൽ പുഷ്പാകരന്റെ വാഴയും റബറുമാണ് നശിപ്പിച്ചത്.
ഫെൻസിംഗിന്റെ മുകളിലേക്കു റബർമരം തള്ളിമറിച്ചിട്ടാണ് കാട്ടാന തോട്ടത്തിലേക്കു കടന്നത്. നിരവധിവാഴകളും റബറും നശിപ്പിച്ചിട്ടുണ്ട്. ഭീമമായ നഷ്ടമാണ് സംഭവിച്ചത്. കാട്ടാന ആക്രമണത്തിൽനിന്നു കർഷകരെ രക്ഷിക്കുവാൻ സർക്കാർ ഫലപ്രദമായി ഒന്നും ചെയ്യാത്തതിൽ നാട്ടുകാർ വൻപ്രതിഷേധത്തിലാണ്.