വൻസന്നാഹത്തോടെ തെരച്ചിൽ; പുലി ഒളിവിൽത്തന്നെ
1541923
Saturday, April 12, 2025 1:49 AM IST
ചാലക്കുടി: ചാലക്കുടിയിലും പരിസരങ്ങളിലും ഭീതിപരത്തിയ പുലിയെ പിടികൂടാൻ ഇന്നലെ വൻസന്നാഹത്തേടെ നടത്തിയ തെരച്ചിലും വിഫലമായി. എവിടെയും പുലിയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല.
കഴിഞ്ഞ 30 നുശേഷം പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ദൃശ്യങ്ങളോ അടയാളങ്ങളോ കാണപ്പെടാത്ത സാഹചര്യത്തിൽ, പുലിയുടെ സാന്നിധ്യം ഉണ്ടെങ്കിൽ കണ്ടെത്തുന്നതിനും ജനങ്ങളുടെ ഭീതിയകറ്റുന്നതിനുംവേണ്ടി ചാലക്കുടിപ്പുഴയുടെ തീരം കേന്ദ്രീകരിച്ച് വെട്ടുകടവ് മുതൽ തൈക്കൂട്ടംവരെയുള്ള പുഴയുടെ ഇരുകരകളിലും ചാലക്കുടി - വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷൻ സംയുക്തമായി പോലീസ്, ഫയർഫോഴ്സ് വകുപ്പുകളുടെ സഹകരണത്തോടെയാണ് തെരച്ചിൽ നടത്തിയത്. രാവിലെ 7.30 മുതൽ 12.30 വരെ വിശദമായ തെരച്ചിൽ നടത്തി.
ഡിവിഷനിലെ വിവിധ റേഞ്ചുകളിലെ നാല്പതോളം ജീവനക്കാർ ചാലക്കുടി നഗരസഭ, കാടുകുറ്റി പഞ്ചായത്ത് എന്നിവയുടെ കീഴിൽവരുന്ന ഒന്പതു കിലോമീറ്റർ ദൂരമുള്ള സ്ഥലങ്ങളിൽ നാലു ടീമുകളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തിയത്. ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർമാരും മെഡിക്കൽ ടീമും സ്ഥലത്തുണ്ടായിരുന്നു. പോലീസ് സായുധസേനയിൽനിന്നുള്ള എട്ടുപേരും ഫയർഫോഴ്സിൽനിന്നുള്ള രണ്ടുപേരും തെരച്ചിലിൽ പങ്കെടുത്തു.
പുഴയുടെ ഇരുകരകളിലും, ഫയർഫോഴ്സിന്റെ സഹായത്തോടെ പുഴയിലും തെരച്ചിൽ നടത്തി. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും നടത്തി. സനീഷ്കുമാർ ജോസഫ് എംഎൽഎ, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ എന്നിവരും പഞ്ചായത്ത് പ്രസിഡന്റുമാരടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.