മദ്യലഹരിയിൽ കാർ യാത്രികരുടെ അതിക്രമം
1542575
Monday, April 14, 2025 12:56 AM IST
പാലിയേക്കര: ടോൾപ്ലാസയിൽ കാർ നിർത്തിയിട്ട് സംഘർഷമുണ്ടാക്കിയ യാത്രികരുടെ പേരിൽ കേസെടുത്തു.
ഞായറാഴ്ച പുലർച്ചെ 1.30നായിരുന്നു സംഭവം. ടോൾപ്ലാസയിലെത്തിയ കാർ, ടോൾബൂത്ത് കടന്നതിനുശേഷം ട്രാക്കിൽ നിർത്തിയിട്ട് ജീവനക്കാരെ അസഭ്യംപറയുകയും കൈയേറ്റംചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. കാർയാത്രക്കാർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ടോൾപ്ലാസയിലെ ട്രാക്കുകളിൽ കാർ മാറ്റിമാറ്റിയിട്ട് ഇവർ പ്രശ്നമുണ്ടാക്കുന്നത് തുടർന്നു. ചോദ്യംചെയ്യാൻ ശ്രമിച്ച ജീവനക്കാരെ കാറിന്റെ ജാക്കിലിവർ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു. ഇതിനിടെ ടോൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയതോടെ ഇവർ കാറുമായി കടന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം ടോൾപ്ലാസ അധികൃതർ പുതുക്കാട് പോലീസിൽ പരാതിനൽകി. ഇതേതുടർന്ന് വാഹനനമ്പർ ഉപയോഗിച്ച് ഉടമയുമായി ബന്ധപ്പെടുകയും ഞായറാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു.
എന്നാൽ കാർ യാത്രികർ പോലീസ് അക്രമത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെന്നും അറിയുന്നു.