ഇന്ന് ഓശാന ഞായർ
1542375
Sunday, April 13, 2025 6:18 AM IST
തൃശൂർ: ക്രൈസ്തവരുടെ വലിയ നോന്പിലെ വലിയ ആഴ്ചയാചരണത്തിന് ഇന്ന് ഓശാനത്തിരുനാളോടെ തുടക്കം. യേശുക്രിസ്തു ജറുസലേം ദേവാലയത്തിലേക്ക് കഴുതക്കുട്ടിയുടെ പുറത്ത് എഴുന്നള്ളിയപ്പോൾ വഴിയിൽ വസ്ത്രം വിരിച്ചും ഒലിവിലക്കന്പുകൾ വീശി ഓശാനപാടിയും ജനം വരവേറ്റതിന്റെ ഒാർമയാണ് ഒാശാനത്തിരുനാൾ. "കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ'എന്നാണ് ഒാശാന എന്ന വാക്കിനർഥം.
കേരള സഭയിൽ കുരുത്തോല പെരുന്നാൾ എന്നും ഒാശാന തിരുനാൾ അറിയപ്പെടുന്നുണ്ട്. കുരുത്തോല പ്രദക്ഷിണം എല്ലാ ദേവാലയങ്ങളിലും ഉണ്ടെങ്കിലും ചിലയിടങ്ങളിൽ മാത്രമാണ് ടാബ്ലോയും ദൃശ്യാവിഷ്കാരങ്ങളും അരങ്ങേറുക.
വീടുകളിൽ ഉണ്ടാക്കുന്ന കൊഴുക്കട്ടയും പീച്ചംപൊടിയും ആണ് ഒാശാനതിരുനാളിന്റെ മുഖ്യപലഹാരം. അതുകൊണ്ടുതന്നെ കൊഴുക്കട്ട പെരുന്നാൾ എന്നും വിളിക്കാറുണ്ട്.
വിശുദ്ധ വാരത്തിലെ ദിനങ്ങളെല്ലാം പ്രാർഥനയുടെയും ധ്യാനത്തിന്റെയും ഒരുക്കത്തിന്റെയും ദിനങ്ങളാണ്. ആണ്ടുകുന്പസാരവും ഈ ദിനങ്ങളിലെ പ്രത്യേകതയാണ്. വ്യാഴാഴ്ചയാണ് യേശുക്രിസ്തു വിശുദ്ധ കുർബാന സ്ഥാപിച്ച പെസഹ തിരുനാൾ. യേശുദേവൻ തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിന്റെ ഒാർമയാചരണം കൂടിയാണിത്.
പെസഹ എന്ന വാക്കിന്റെ അർഥം "കടന്നുപോകൽ' എന്നാണ്. പിറ്റേന്നാണ് യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ സ്മരണയാചരിക്കുന്ന ദുഃഖവെള്ളി. 20 നാണു "തിരുനാളുകളുടെ തിരുനാൾ'എന്നറിയപ്പെടുന്ന ഈസ്റ്റർ.