കണിക്കെടുക്കില്ലെങ്കിലും കണ്ണിനു വിരുന്നാണീ കൊന്നപ്പൂക്കൾ
1541924
Saturday, April 12, 2025 1:49 AM IST
സ്വന്തം ലേഖകൻ
തൃശൂർ: വിഷുവിനു കണിവയ്ക്കാനെടുക്കില്ലെങ്കിലും കണ്ണിനു വിരുന്നാണ് സ്വർണവർണമാർന്ന പ്ലാസ്റ്റിക് കണിക്കൊന്നകൾ. കണിയൊരുക്കാൻ ഒറിജിനൽ കണിക്കൊന്നപ്പൂക്കൾതന്നെ ഉപയോഗിക്കുന്പോൾ പ്ലാസ്റ്റിക് പൂക്കൾ അലങ്കാരത്തിനാണ് ഉപയോഗിക്കുക. തൃശൂർ നഗരത്തിലും പരിസരത്തുമുള്ള മിക്ക വ്യാപാരസ്ഥാപനങ്ങളും കടകളുടെ മുൻഭാഗം അലങ്കരിക്കാൻ പ്ലാസ്റ്റിക് കണിക്കൊന്നപ്പൂക്കൾ വൻതോതിൽ വാങ്ങുന്നുണ്ട്.
നഗരം കണികണ്ടുണരുന്നതു കടകൾക്കുമുന്നിൽ പൂത്തുലഞ്ഞുകിടക്കുന്ന ഈ പ്ലാസ്റ്റിക് കൊന്നപ്പൂക്കളെയാണ്.
ചൈനയിൽനിന്നാണ് പ്ലാസ്റ്റിക് കണിക്കൊന്നകൾ ഉത്തരേന്ത്യക്കാർവഴി കേരളത്തിലെത്തുന്നത്. രണ്ടുവർഷം കഴിഞ്ഞാലും വാടാത്ത ഈ കൊന്നപ്പൂക്കൾ ഈ വിഷുസീസണ് കഴിഞ്ഞാൽ എടുത്തുവച്ച് അടുത്ത വർഷം കഴുകി വൃത്തിയാക്കിയാൽ വീണ്ടും ഉപയോഗിക്കാം. ഇതുതന്നെയാണ് ഇതിന്റെ ഡിമാൻഡ് കൂട്ടുന്നത്.
കഴിഞ്ഞ മൂന്നുനാലുവർഷമായി പ്ലാസ്റ്റിക് കണിക്കൊന്ന കേരളത്തിന്റെ വിഷുവിപണിയിലുണ്ടെങ്കിലും കടകളിലും മറ്റും വ്യാപകമായി അലങ്കരിക്കാൻ തുടങ്ങിയത് ഇപ്പോഴാണെന്നും അതുകൊണ്ടുതന്നെ ഇത്തവണ നല്ല ഡിമാൻഡുണ്ടെന്നും പ്ലാസ്റ്റിക് കണിക്കൊന്നകൾ വിൽക്കുന്ന രാധാകൃഷ്ണൻ പറഞ്ഞു. ഡിമാൻഡ് കൂടിയതോടെ കൂടുതൽ പേർ പ്ലാസ്റ്റിക് കണിക്കൊന്നകൾ വിൽക്കാൻ തുടങ്ങിയിട്ടുണ്ട്. എട്ട് ഇതളുകൾ അടങ്ങുന്ന ഒരു തണ്ട് പ്ലാസ്റ്റിക് കണിക്കൊന്നയ്ക്ക് മുപ്പതുരൂപയാണ് വില.
ഒരു കൗതുകത്തിനുവേണ്ടി ഇതു വാങ്ങുന്നവരും കുറവല്ല. ഇന്റീരിയർ ഡെക്കറേഷനുവേണ്ടിയാണ് വാങ്ങിയതെന്ന് വിഷു ഷോപ്പിംഗിന് എത്തിയ ബിനോജ് പറഞ്ഞു. എന്നാൽ, കണിയൊരുക്കാൻ ഒരിക്കലും പ്ലാസ്റ്റിക് കണിക്കൊന്ന ഉപയോഗിക്കില്ലെന്നും ഇതു വെറുതെ ഒരു രസത്തിനു വാങ്ങുന്നതാണെന്നും ഓട്ടോ ഡ്രൈവറായ ആനന്ദൻ പറഞ്ഞു. വാഹനങ്ങളിൽ, പ്രത്യേകിച്ച് ബസുകളിൽ ഇത്തരം കണിക്കൊന്നകൾ അലങ്കാരത്തിനായി തൂക്കിയിട്ടുണ്ട്.
ഏതാനും വർഷംമുൻപ് ആദ്യമായെത്തിയപ്പോൾ ആചാരങ്ങൾക്കും പരന്പരാഗതരീതികൾക്കുമൊക്കെ എതിരാണെന്നുപറഞ്ഞ് തള്ളിക്കളഞ്ഞ പ്ലാസ്റ്റിക് പൂക്കൾ ഇന്നു വിഷുവിപണിയിൽ താരമാണ്.