യുവതലമുറയിൽ കായികലഹരി വളർത്തേണ്ടതു നാടിന്റെ ആവശ്യം: മന്ത്രി
1542338
Sunday, April 13, 2025 6:07 AM IST
കയ്പമംഗലം: യുവതലമുറയിൽ കായിക ലഹരി വളർത്തേണ്ടതു നാടിന്റെ ആവശ്യമാണെന്നു വ്യവസായ മന്ത്രി പി. രാജീവ്. മതിലകം സ്പോർട്സ് അക്കാദമി അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റിന്റെ സ്റ്റേഡിയം നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
യുവതലമുറയെ വഴിതെറ്റിക്കാൻ ലഹരി മാഫിയ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. "ലഹരിക്കെതിരെ കായിക ലഹരി' എന്ന മുദ്രാവാക്യം ഉയർത്തി കായികപ്രേമികളെയും കളിക്കാരെയും നാട്ടിലെ മുഴുവൻ യുവാക്കളെയും കുട്ടികളെയും അണിനിരത്തി ലഹരിക്കും സിന്തറ്റിക് മയക്കുമരുന്നിനുമെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.
ഇ.ടി. ടൈസൺ എംഎൽഎ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സീനത്ത് ബഷീർ, എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, മതിലകം സെന്റ് ജോസഫ് ഹൈസ്കൂൾ മാനേജർ ഫാ. ഷൈജൻ കളത്തിൽ, പി.കെ. ചന്ദ്രശേഖരൻ, സംഘാടകസമിതി ഭാരവാഹികളായ വി.കെ. മുജീബ് റഹ്മാൻ, കെ.വൈ.അസീസ്, പി.എച്ച്. നിയാസ്, പി.എച്ച്. അമീർ എന്നിവർ പ്രസംഗിച്ചു.
25 മുതൽ മേയ് ഒന്നുവരെ മതിലകം സെന്റ്് ജോസഫ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ രാജ്യത്തെ പ്രമുഖ പുരുഷ വനിതാ ടീമുകൾ പങ്കെടുക്കുമെന്നു സംഘാടകർ അറിയിച്ചു.