ഗു​രു​വാ​യൂ​ർ: ദേ​വ​സ്വ​ത്തി​ന്‍റെ ഹൈ​ടെ​ക് ഗോ​ശാ​ല ഇന്നു സ​മ​ർ​പ്പ​ിക്കും.

കി​ഴ​ക്കേ​ന​ട​യി​ൽ പ​ഴ​യ ദേ​വ​സ്വം ഓ​ഫീ​സി​നോ​ട് ചേ​ർ​ന്ന് 18 സെ​ന്‍റ് സ്ഥ​ല​ത്ത് നാ​ലു​നി​ല​ക​ളി​ലാ​യി 10,000 ച​തു​ര​ശ്ര അ​ടി​യി​ൽ ആ​റു​കോ​ടി​യോ​ളം ചെ​ല​വി​ലാ​ണ് ഗോ​ശാ​ല നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ത​മി​ഴ്നാ​ട് പു​തു​ക്കോ​ട്ട​യി​ലെ മാ​ണി​ക്കം ട്ര​സ്റ്റി​ന്‍റെ സ​മ​ർ​പ്പ​മാ​ണി​ത്. 60 പ​ശു​ക്ക​ളേ​യും ട്ര​സ്റ്റ് ന​ൽ​കു​ന്നു​ണ്ട്. ആ​ദ്യ​നി​ല അ​ണ്ട​ർ​ഗ്രൗ​ണ്ടി​ലാ​ണ്. ഇ​വി​ടെ സീ​വ​റേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റാ​ണ്. ആ​ദ്യ​നി​ല​യി​ലും ര​ണ്ടാം​നി​ല​യി​ലും പ​ശു​ക്ക​ൾ​ക്ക് നി​ൽ​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ്. ഏ​റ്റ​വും മു​ക​ളി​ലെ നി​ല​യി​ൽ പ​ശു​വി​ന് തീ​റ്റ, മ​രു​ന്നു​ക​ൾ എ​ന്നി​വ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ലം, ലി​ഫ്റ്റു​ക​ൾ, റാ​മ്പ് എ​ന്നി​വ​യു​ണ്ട്. ഓ​ട്ടോ​മാ​റ്റി​ക് കു​ടി​വെ​ള്ള സം​വി​ധാ​നം, മി​ൽ​ക്ക് പ്രൊ​സ​സിം​ഗ് യൂ​ണി​റ്റ് എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ശു​വി​ന് ചൂ​ട് ഏ​ൽ​ക്കാ​തി​രി​ക്കു​ന്ന​തി​ന് ഫാ​ൻ, വെ​ള്ളം കൊ​ണ്ടു​ള്ള ശീ​തീ​ക​ര​ണ​സം​വി​ധാ​നം എ​ന്നി​വ​യു​മു​ണ്ട്. ഗോ​പൂ​ജ മ​ണ്ഡ​പ​വും ഇ​വി​ടെ​യു​ണ്ട്. 18ന് ​ഗോ​ശാ​ല​യു​ടെ ഒൗദ്യോഗിക സ​മ​ർ​പ്പ​ണം മ​ന്ത്രി നി​ർ​വ​ഹി​ക്കും.