ഡാമുകളിൽ റൂൾകർവ് പാലിക്കണം: കളക്ടർ
1541927
Saturday, April 12, 2025 1:49 AM IST
തൃശൂർ: ഡാമുകളുടെ റൂൾകർവ് കർശനമായി പാലിക്കണമെന്നും അടിയന്തരസാഹചര്യത്തിൽ ജനങ്ങൾക്ക് ഉദ്യോഗസ്ഥർ നേരിട്ടു വിവരം കൈമാറാൻ ഉദ്യോഗസ്ഥരുടെ ഫോണ്നന്പറുകൾ അണക്കെട്ടുകളുടെ സമീപപ്രദേശങ്ങളിൽ പ്രദർശിപ്പിക്കണമെന്നും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ.
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു നിർദേശം. ശുചീകരണപ്രവൃത്തികൾ മുപ്പതിനകം പൂർത്തിയാക്കണമെന്നും തദ്ദേശസ്ഥാപനങ്ങൾ, ജലസേചനവകുപ്പ്, പൊതുമരാമത്ത് വിഭാഗങ്ങൾക്കു നിർദേശം നൽകി.
നഗരമേഖലകളിലെ ഡ്രെയിനേജ്, തോടുകൾ, ഓടകൾ, കൾവർട്ടുകൾ, കനാലുകൾ, പുഴകൾ, മറ്റു ജലസേചനമാർഗങ്ങൾ എന്നിവയിലെ തടസങ്ങൾ നീക്കണം. സീറോ വേസ്റ്റ് ദിനാചരണത്തിന്റെ ഭാഗമായി ഖരമാലിന്യനിർമാർജനം പൂർത്തിയാക്കി. മുപ്പതിനകം ഓടകൾ വൃത്തിയാക്കണമെന്നു തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കു കർശനനിർദേശം നൽകി. കനാലുകൾ വൃത്തിയാക്കിയെന്നും ഡാമുകൾ തുറന്നെന്നും മേജർ ഇറിഗേഷൻ വകുപ്പ് അറിയിച്ചു. 24, 25 തീയതികളിൽ മഴക്കാലപൂർവ പരിശോധന നടത്തും.
കഴിഞ്ഞവർഷം വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങക്കു പ്രത്യേക ശ്രദ്ധ നൽകുമെന്നും തോടുകൾ വൃത്തിയാക്കൽ പുരോഗമിക്കുന്നതായും കോർപറേഷൻ അറിയിച്ചു. അപകടകരമായ മരങ്ങൾ മുറിച്ചുനീക്കും. ദേശീയപാതയ്ക്കരികിലുള്ള ഡ്രെയിനേജുകളുടെ 70 ശതമാനം പ്രവൃത്തികൾ പൂർത്തിയാക്കും. വെള്ളക്കെട്ടുണ്ടായാൽ പരിഹരിക്കാൻ പ്രത്യേക സംഘത്തെ സജ്ജമാക്കി. മണ്ണുത്തി-അങ്കമാലി റീച്ചിൽ 45 കൾവർട്ടുകളും ഒന്പതു കിലോമീറ്ററോളം ഡ്രെയിനേജുകളും വൃത്തിയാക്കി.
കളക്ടറേറ്റ് എക്സിക്യുട്ടീവ് ഹാളിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ അഖിൽ വി. മേനോൻ, ഡെപ്യൂട്ടി കളക്ടർമാരായ (ഡിഎം) സി.എസ്. സ്മിതറാണി, യമുനാദേവ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.