ഗവ. സ്കൂളിന്റെ സ്ഥലം കൈയേറി; കോടതി തടഞ്ഞു
1542576
Monday, April 14, 2025 12:56 AM IST
ചാവക്കാട്: കൊച്ചന്നൂര്‍ ഗവ. സ്കൂളിന്റെ കളിസ്ഥലം കൈയേറി റോഡ് വെട്ടാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം കോടതി തടഞ്ഞു.
സ്കൂള്‍ കളിസ്ഥലം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നവീകരിക്കാനായി എന്‍.കെ. അക്ബര്‍ എംഎല്‍എ 31 ലക്ഷം രൂപ അനുവദിച്ച് ചുറ്റുമതില്‍ നിര്‍മാണം ആരംഭിച്ചു. നിര്‍മാണം തുടങ്ങിയതോടെ സ്വകാര്യവ്യക്തി സ്കൂള്‍ ഗ്രൗണ്ടിന്റെ കിഴക്കുവശംചേര്ന്ന് 10 അടി വീതിയിലുള്ള റോഡ്, പഞ്ചായത്ത് റോഡിലേക്ക് ഉണ്ടെന്നും ഇതു തനിക്കവകാശപ്പെട്ടതാണെന്നും സ്കൂള്‍ അധികൃതര്‍ മതില്‍കെട്ടി ഗതാഗതം തടയുകയാണെന്നും ആരോപിച്ചു.
കലക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി ഗതാഗതം തടസപ്പെടുത്തരുത് എന്ന ഉത്തരവിനായി ചാവക്കാട് മുന്‍സിഫ് കോടതിയില്‍ ഇഞ്ചക്ഷന് ഹര്ജിയുംനല്കി. ഇതേ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവച്ചു. പിന്നീട് സര്‍ക്കാര്‍ കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിച്ച്, മുമ്പ് സ്ഥലംപരിശോധിച്ച് റിപ്പോര്‍ട്ട് നല്കിയ അഡ്വക്കേറ്റ് കമ്മീഷൻ വീണ്ടും സ്ഥലംപരിശോധിച്ചു.
അഡ്വക്കേറ്റ് കമ്മീഷൻ കോടതിയില്‍ ഫയല്‍ചെയ്ത റിപ്പോര്‍ട്ടില്‍ സ്കൂള്‍ ഗ്രൗണ്ടിലൂടെയുള്ള വഴി, ഹര്ജിക്കാരന് കേസ് കൊടുക്കുന്നതിനു തൊട്ടുമുമ്പ് കൃത്രിമമായി നിര്‍മിച്ചതാണെന്നും വഴി ചെന്നെത്തുന്നത് സ്വകാര്യ റോഡിലേക്കാണെന്നും ഹര്ജിക്കാരന് സര്‍ക്കാര്‍ ഭൂമി കൈയേറി റോഡ് നിര്‍മിച്ചതാണെന്നും അറിയിച്ചു. വാദം അംഗീകരിച്ച കോടതി ഹര്ജിക്കാരന് അനുകൂലമായി നേരത്തെനല്‍കിയ താല്‍ക്കാലിക സ്റ്റേ ഉത്തരവ് തള്ളി മതിൽ നിർമിക്കാൻ അനുമതിനൽകി. അഡീഷണല്‍ ഗവ.പ്ലീഡര്‍ അഡ്വ.കെ.ആര്. രജിത് കുമാര്‍, അഡ്വ.കെ.കെ. സിന്ധു എന്നിവര്‍ ഹാജരായി.