നന്നംമുക്കിൽ ടോറസ് ലോറി ഇടിച്ച് വിദ്യാർഥി മരിച്ചു, ഒരാൾക്ക് പരിക്ക്
1541845
Friday, April 11, 2025 11:27 PM IST
പുന്നയൂർക്കുളം: നന്നംമുക്ക് പൂച്ചപ്പടിയിൽ വാഹനാപകടത്തിൽ കോലൊന്പ് കിഴക്കെ വട്ടപ്പറന്പിൽ നന്ദനന്റെ മകൻ നിധിൻ (20) മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്ത് മൂക്കുതല സ്വദേശി ആദിത്യൻ (20) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂച്ചപ്പടി മുഹ്യദ്ധീൻ പള്ളിക്കു മുൻവശത്ത് വെച്ചായിരുന്നു അപകടം. ടോറസ് ലോറിയും സ്കൂട്ടിയും തമ്മിൽ ഇടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ സ്കൂട്ടിയിൽ നിന്നും വീണ നിധിന്റെ തലയിലൂടെ ടോറസ് ലോറിയുടെ പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരണപ്പെടുകയായിരുന്നു.
ആദിത്യനെ നാട്ടുകാർ ചേർന്ന് ഗുരുതരമായതിനാൽ കുന്നംകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരേദിശയിൽ വന്നിരുന്ന ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്കൂട്ടർ പൈപ്പിന് വേണ്ടി കുഴിച്ച മണ്‍കൂനയിൽ തെന്നി മറിഞ്ഞ് ടോറസിന്റെ അടിയിലേക്ക് വീണതാണ് എന്നാണ് നിഗമനം.
പഴഞ്ഞി എംഡി കോളജിലെ ഒന്നാംവർഷ ബികോം വിദ്യാർഥികളാണ് ഇരുവരും. കോളജിലേക്ക് പോകുന്നതിനിടെയാണ് അപകടം. നിധിന്റെ അച്ഛൻ ഗൾഫിൽ നിന്നും ഇന്ന് നാട്ടിലെത്തിയതിനു ശേഷം നിധിന്റെ മൃതദേഹം സാംസ്കരിക്കും. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. അമ്മ: രാജേശ്വരി, സഹോദരി - നന്ദന.