ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കാന്‍ ഇരിങ്ങാലക്കുട നഗരസഭ തീരുമാനം
1541910
Saturday, April 12, 2025 1:49 AM IST
ഇരിങ്ങാലക്കുട: ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. രൂക്ഷമായ കുടിവെള്ളക്ഷാമ പ്രതിസന്ധി കണക്കിലെടുത്ത് ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് ടാങ്കറുകളില്‍ കുടിവെള്ള വിതരണം നടത്താന്‍ തീരുമാനമായത്. കെഎസ്ടിപിയുടെ അനാസ്ഥയിലാണ് കുടിവെള്ള വിതരണം താറുമാറായത്.
നഗരസഭയുടെ ഈ തീരുമാനം ജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരും. കെഎസ്ടിപിയുടെ സംസ്ഥാനപാത നിര്‍മാണത്തിന്റെ ഭാഗമായി കുടിവെള്ള വിതരണ പൈപ്പുകള്‍ മാറ്റുന്ന പ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടത്താത്തതിനാല്‍ മാസങ്ങളോളമായി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം നിലച്ച അവസ്ഥയാണ്.
കുടിവെള്ളക്ഷാമം രൂക്ഷമായതോടെ നഗരസഭ നേരിട്ട് ഇടപെട്ട് കളക്ടറുടെ പ്രത്യേക അനുമതിവാങ്ങി ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിച്ചിരുന്നു. എന്നാല്‍ കളക്ടര്‍ അനുവദിച്ചിരുന്ന തുകയും നഗരസഭ സെക്രട്ടറി ഇടപെട്ട് ഉള്‍പ്പെടുത്തിയ തുകയും ഉള്‍പ്പടെ അഞ്ചുലക്ഷം രൂപയ്ക്കു വരെ കുടിവെള്ളം വിതരണം ചെയ്തിട്ടും കെഎസ്ടിപിയുടെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതിനാല്‍ പ്രതിസന്ധിക്കു പരിഹാരമായിരുന്നില്ല. കുടിവെള്ളക്ഷാമം തുടര്‍ച്ചയായി കൗണ്‍സിലില്‍ ചര്‍ച്ചയായതോടെ വരള്‍ച്ചാ ബാധിത മേഖലകളിലേക്കുള്ള കുടിവെള്ള വിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രതിസന്ധിരൂക്ഷമായ ഇടങ്ങളില്‍ കൂടി വിതരണംചെയ്യാന്‍ യോഗം തീരുമാനിക്കുകയായിരുന്നു.
ഇതിനായി നഗരസഭകള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ മേയ് 31 വരെ 17 ലക്ഷം രൂപ വരെ തനതുഫണ്ടില്‍നിന്ന് വിനിയോഗിക്കുവാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.