ഗതാഗതക്കുരുക്കിനു സമയഭേദങ്ങളില്ല
1541912
Saturday, April 12, 2025 1:49 AM IST
കൊരട്ടി: അടിപ്പാതനിർമാണം നടക്കുന്ന ദേശീയപാത ചിറങ്ങര ജംഗ്ഷനിൽ ദിവസംചെല്ലുന്തോറും ഗതാഗതക്കുരുക്ക് മുറുകുകയാണ്. ചിറങ്ങരയിലും മുരിങ്ങൂരിലും ഇരുഭാഗങ്ങളിലേക്കു കിലോമീറ്ററുകളോളം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ടനിരയാണ് രൂപപ്പെടുന്നത്. ആംബുലൻസ്, കുഞ്ഞുങ്ങളോടുകൂടി യാത്രചെയ്യുന്ന ദീർഘദൂര യാത്രികർ, ചരക്കുലോറികൾ തുടങ്ങിയ വാഹനങ്ങൾ കടന്നുപോകാനാകാതെ വലയുന്ന ദയനീയ കാഴ്ചകളാണ് എല്ലാ ദിവസവും.
കാർ അടക്കമുള്ള ചെറുകിടവാഹനങ്ങൾ ഗ്രാമീണ - പൊതുമരാമത്ത് റോഡുകളിലൂടെ കടന്നുപോകുവാൻ ആവശ്യപ്പെട്ട് ദിശാബോർഡുകളുണ്ടെങ്കിലും വാഹനസ്തംഭനത്തിന് യാതൊരു കുറവുമില്ല. ചിറങ്ങരയിൽനിന്നും കറുകുറ്റിവരെ കഴിഞ്ഞ മൂന്നുദിവസങ്ങളിൽ കനത്ത ബ്ലോക്കാണ്. വ്യാഴാഴ്ച രാത്രി ദിശാബോർഡുകൾ കണ്ട് പൊങ്ങത്തുനിന്ന് മംഗലശേരിവഴി വലിയ വാഹനങ്ങൾ കടന്നു പോയതുമൂലം വൈദ്യുതി കമ്പികൾ വരെ പൊട്ടിവീണു. ഇതു പ്രദേശവാസികളിൽ ഭീതി പരത്തി.
മുരിങ്ങൂരിലും കൊരട്ടിയിലും ചിറങ്ങരയിലും പൊങ്ങത്തും ഫ്ലാഗ്മാൻമാരുടെ സേവനം ഉറപ്പാക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ലെന്നും എണ്ണം നാമമാത്രമാണെന്നും പരാതിയുണ്ട്.
വിഐപികൾ കടന്നുപോകുമ്പോൾമാത്രമാണ് തിരക്കൊഴിവാക്കാൻ പോലീസിന്റെ സാന്നിധ്യം ജംഗ്ഷനിലുണ്ടാകുന്നതെന്ന പരാതിയും ജനങ്ങൾക്കുണ്ട്. വിഷുവും വിശുദ്ധവാരവും പ്രമാണിച്ച് ഇന്നുമുതൽ ഗതാഗതസ്തംഭനത്തിനു സാധ്യത കൂടുതലാണ്.