പട്ടികവർഗക്കാരനെ വെട്ടിപ്പരിക്കേല്പിച്ച പ്രതിക്കു നാലുവർഷം തടവും പിഴയും
1541647
Friday, April 11, 2025 1:38 AM IST
തൃശൂർ: പട്ടികവർഗവിഭാഗത്തിലുള്ള യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ പ്രതിക്കു നാലുവർഷവും ഒരുമാസവും കഠിനതടവും 14,500 രൂപ പിഴയും ശിക്ഷ. ബാലൻപീടിക മേനാച്ചേരി മൂഡ ജോയ് എന്ന ജോയി(63)ക്കാണു വിവിധ വകുപ്പുകളിലായി സ്പെഷൽ കോടതി ജഡ്ജി കെ. കമനീസ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷവും ഒരാഴ്ചയും അധികതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. പിഴയടച്ചാൽ തുക പരിക്കേറ്റ മണലായി നടുമുറ്റം വീട്ടിൽ സന്തോഷിനു കൈമാറണം.
2020 ഫെബ്രുവരി ഏഴിനു രാത്രി 8.30ന് വെള്ളിക്കുളങ്ങര ബാലൻപീടികയെന്ന സ്ഥലത്താണു സംഭവം. സന്തോഷിനെ ജോയി കളിയാക്കിയതു ചോദ്യംചെയ്തതിലുള്ള വിരോധത്തിൽ കാലിൽ വെട്ടിപ്പരിക്കേൽപ്പിച്ചെന്നാണു കേസ്.
വെള്ളിക്കുളങ്ങര എസ്ഐ എസ്.എസ്. ഷിജു രജിസ്റ്റർ ചെയ്ത കേസിൽ ചാലക്കുടി ഡിവൈഎസ്പിയായിരുന്ന സി.ആർ. സന്തോഷാണ് അന്വേഷണം പൂർത്തിയാക്കിയത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.കെ. കൃഷ്ണൻ ഹാജരായി.