പടക്കവിപണിയിൽ കൗതുകങ്ങളേറെ; പോലീസിന്റെ പടക്കക്കട സൂപ്പർഹിറ്റ്
1541643
Friday, April 11, 2025 1:38 AM IST
തൃശൂർ: തീകൊളുത്തിയാൽ ആകാശത്തേക്കു കുതിച്ചുപാഞ്ഞ് പൊട്ടിവിടരുന്ന ഇന്ത്യൻ ഡ്രാഗണ്‍. മാനത്തു തീതുപ്പി കത്തിജ്വലിക്കുന്ന ചൈനീസ് ഡ്രാഗണ്‍. ഒരു വലിയ പൂമലയാകുന്ന ഫ്ളവർ എവറസ്റ്റ് എന്ന ഭീമൻ മേശപ്പൂ... പടക്കവിപണിയിൽ ഇത്തവണ കൗതുകങ്ങളും വിസ്മയങ്ങളും ഏറെയാണ്.
ചൈനീസ് മോഡലിന്റെ പാത പിന്തുടർന്ന് പതിവിൽനിന്നു വ്യത്യസ്തമായി പലയിനം പടക്കങ്ങളും ഇക്കുറി പടക്കവിപണി കീഴടക്കാൻ എത്തിയിട്ടുണ്ട്. കൂടെ പതിവു പരന്പരാഗതപടക്കങ്ങളും.
വിഷുവിനു മൂന്നുദിവസംമാത്രം ശേഷിക്കെ പടക്കക്കച്ചവടം ഉഷാറായിക്കഴിഞ്ഞു. മുൻവർഷങ്ങളുമായി താരതമ്യംചെയ്യുന്പോൾ വലിയ വിലക്കൂടുതലുമില്ല. എന്നാൽ വിഷു അടുക്കുന്പോൾ വില കൂടുമെന്നു കച്ചവടക്കാർ സൂചിപ്പിച്ചു.
ചെറുതും വലുതുമായ 10 കന്പിത്തിരികൾ അടങ്ങുന്ന പാക്കറ്റുകളിൽ സാധാരണ കന്പിത്തിരിക്കുപുറമേ പച്ച, ചുവപ്പ് വർണങ്ങളിലുള്ള സ്പാർക്ലിംഗ് കന്പിത്തിരികളുമുണ്ട്. സ്പാർക്ലിംഗ് ഇല്ലാതെ പച്ചയും ചുവപ്പും നിറത്തിൽ കത്തുന്ന കന്പിത്തിരികളും ധാരാളമായി വിറ്റുപോകുന്നു. ഏറ്റവും കൂടുതൽ ആവശ്യക്കാർ ഇപ്പോൾത്തന്നെയുള്ളത് ഓലപ്പടക്കത്തിനും മാലപ്പടക്കത്തിനുമാണ്.
തൃശൂർ ജില്ലാ പോലീസ് സഹകരണസംഘം ആരംഭിച്ചിട്ടുള്ള പടക്കക്കടയിൽ നല്ല കച്ചവടമാണ് ഇപ്പോൾത്തന്നെയെന്നു തൃശൂർ ജില്ലാ പോലീസ് സഹകരണ ബോർഡ് അംഗവും ചാലക്കുടി എഎസ്ഐയുമായ കെ.ഒ. വിൽസണ്‍ പറഞ്ഞു. ഇത് ഏഴാംവർഷമാണ് ഇവർ പടക്കവില്പനയുമായി എത്തിയിട്ടുള്ളത്. പോലീസ് ക്ലബ്ബിനുസമീപം, പോലീസ് സഹകരണ കെട്ടിടത്തിനു താഴെയായി നടത്തുന്ന കച്ചവടം വിഷുവിന്റെ തലേന്നാൾവരെയുണ്ടാകും.
50 ഇനം പടക്കങ്ങളാണ് ഇവരുടെ ഇത്തവണത്തെ സ്പെഷൽ. കച്ചവടം തുടങ്ങി നാലുദിവസം പിന്നിടുന്പോൾതന്നെ വലിയ തിരക്കാണിവിടെ. സംഘത്തിലെ അംഗങ്ങൾ ഡ്യൂട്ടിസമയം കഴിഞ്ഞ് ബാക്കിയുള്ള നേരത്തു പടക്കവില്പനക്കാരുടെ റോളിലേക്കു മാറും.
പതിവു ശിവകാശി പടക്കങ്ങൾക്കുപുറമേ ചൈനീസ് ഐറ്റങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ശബ്ദതീവ്രതയെക്കാൾ വർണഭംഗിക്കാണ് ചൈനീസ് പടക്കങ്ങൾ പ്രാമുഖ്യം നൽകുന്നത്. പതിവിലേറെ സമയം ചുറ്റിക്കറങ്ങുന്ന തലച്ചക്രവും അഗ്നിപുഷ്പങ്ങൾ വർഷിക്കുന്ന പൂത്തിരിയും വർണം വാരിവിതറുന്ന ഷോർട്സും ആകാശത്തേക്കു കുതിച്ചുയരുന്ന റോക്കറ്റുമെല്ലാം പടക്കവിപണിയിൽ ആവേശം വിതറാൻ എത്തിയിട്ടുണ്ട്.