മണലൂർ റബീഷ് കൊലക്കേസ്: അച്ഛനും മകനും ജീവപര്യന്തം
1541641
Friday, April 11, 2025 1:38 AM IST
തൃശൂർ: മണലൂർ ഉല്ലാസ് റോഡ് സ്വദേശി റബീഷിനെ കൊലപ്പെടുത്തിയ കേസിൽ അച്ഛനും മകനും ജീവപര്യന്തം ശിക്ഷ. ഉല്ലാസ് റോഡ് നിവാസികളായ തിരുത്തിയിൽ വേലുക്കുട്ടി (67), മകൻ അനിൽകുമാർ (41) എന്നിവരെയാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ല ജഡ്ജ് ടി.കെ. മിനിമോൾ ശിക്ഷിച്ചത്.
2014 ഏപ്രിൽ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ റബീഷ്, ശോഭിത് എന്നിവർ പ്രതികളുടെ വീടിന്റെ മുന്നിലൂടെ നടന്നുപോകുന്പോൾ അച്ഛനും മകനും ചേർന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. ശോഭിത്തിന്റെ വീട്ടുകാരുമായുണ്ടായിരുന്ന മുൻവൈരാഗ്യമായിരുന്നു ആക്രമണകാരണം. പ്രതികൾ ഇവരെ തടഞ്ഞുനിർത്തി അരിവാൾകൊണ്ട് വെട്ടിയും അടിച്ചും ചവിട്ടിയും ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും റബീഷ് മരിച്ചു.
അന്തിക്കാട് പോലീസാണ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം പൂർത്തിയാക്കിയത്. എന്നാൽ, കോടതിയിൽ തെളിവെടുക്കുന്നതിനുമുന്പ് ശോഭിത് വാഹനാപകടത്തിൽ മരണമടഞ്ഞതു പ്രോസിക്യൂഷനു കേസിൽ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും സാക്ഷിമൊഴികളും ശാസ്ത്രീയതെളിവുകളും സാഹചര്യതെളിവുകളും പ്രതികൾ കുറ്റക്കാരാണെന്നു തെളിയിക്കാനായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
വിചാരണയുടെ അവസാനവേളയിൽ ഒളിവിൽപോയ ഒന്നാംപ്രതിയെ കർണാടകയിലേക്കു കടക്കാൻ ശ്രമിക്കുന്ന സമയത്തു നിലന്പൂരിൽനിന്ന് അറസ്റ്റുചെയ്യുകയും കോടതി റിമാൻഡിൽ പാർപ്പിച്ച് വിചാരണ പൂർത്തിയാക്കുകയുമായിരുന്നു.
കൊലപാതകത്തിനു ജീവപര്യന്തം കഠിനതടവിനു പുറമെ രണ്ടുലക്ഷം രൂപവീതം ഒരോ പ്രതികൾക്കും ശിക്ഷ വിധിച്ച കോടതി, ശോഭിത്തിനെ ആക്രമിച്ചതിനു പ്രതികളെ അഞ്ചു കൊല്ലം കഠിനതടവിനും 50,000 രൂപ പിഴയടയ്ക്കാനും മറ്റു വിവിധ വകുപ്പുകളിലായി 10 മാസം തടവും 10,000 രൂപ പിഴയും വേറെ വിധിച്ചിട്ടുണ്ട്. ജീവപര്യന്തം ഒഴികെയുള്ള ശിക്ഷ ആദ്യം അനുഭവിക്കാനും അതിനുശേഷം മാത്രം ജീവപര്യന്തം ശിക്ഷ തുടങ്ങാനും കോടതി പ്രത്യേകം നിർദേശിച്ചു.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ.കെ. ബി. സുനിൽകുമാർ, അഡ്വ. ലിജി മധു എന്നിവർ ഹാജരായി.